ഈ മാസം 24 ന് തുടക്കം,12 ടീമുകൾ, ഫൈനൽ ഡിസംബർ മൂന്നിന്
അൻസാർ എസ്. രാജ്
തിരുവനന്തപുരം : രണ്ട് വ്യാഴവട്ടങ്ങൾക്കുശേഷം തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ ആതിഥ്യം വഹിക്കുന്ന മേയേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് തലസ്ഥാനം വേദിയാകുന്നു. ഈ മാസം 24 ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. 12 ടീമുകൾ പങ്കെടുക്കും. സെമിയും ഫൈനലും പൊലീസ് സ്റ്റേഡിയത്തിൽ നടക്കും.
24 വർഷങ്ങൾക്കു മുമ്പ് 1995ൽ വി. ശിവൻകുട്ടി മേയറായിരിക്കുമ്പോഴാണ് അവസാനമായി മേയേഴ്സ് കപ്പ് നടന്നത്.
അന്ന് എസ്.ബി.ടിയായിരുന്നു ചാമ്പ്യൻമാർ. കെൽട്രോണിനെയാണ് ഫൈനലിൽ കീഴടക്കിയിരുന്നത്. ഇക്കുറി എസ്.ബി.ഐ കേരളയായാണ് അന്നത്തെ എസ്.ബി.ടി മത്സരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിൽ മേയേഴ്സ് കപ്പ് നടത്താനാണ് കോർപ്പറേഷൻ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ പ്രളയത്തെത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നു. ഐ.എസ്.എൽ ക്ളബുകളായ ചെന്നൈയിൽ എഫ്.സിയുടെയും കേരള ബ്ളാസ്റ്റേഴ്സിന്റെയും റിസർവ് ടീമുകൾ ഇക്കുറി പങ്കെടുന്നുണ്ട്. ഐ ലീഗ് ക്ളബ് ഗോകുലം എഫ്.സിയുടെ റിസർവ് ടീമും മാറ്റുരയ്ക്കാനെത്തും. കേരളത്തിന് പുറത്തു നിന്ന് വെസ്റ്റേൺ റെയിൽവേയ്സ്, എയർ ഇന്ത്യ, ഇന്ത്യൻ നേവി, ധൻബാദ് എഫ്.എ എന്നീ ടീമുകളുമുണ്ട്.
തലസ്ഥാനത്ത് മികച്ച നിലവാരത്തിലുള്ള ചന്ദ്രശേഖരൻ നായർ പൊലീസ് സ്റ്റേഡിയത്തിൽ ടൂർണമെന്റ് നടത്താനാണ് കോർപ്പറേഷൻ അധികൃതർ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ഒരു മത്സരത്തിന് കാൽ ലക്ഷം രൂപ വാടക, മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമേ മത്സരം നടത്താനാകൂ തുടങ്ങിയ നിബന്ധനകൾ പൊലീസ് സ്വീകരിച്ചതോടെ സമീപത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് മാറ്റേണ്ടി വന്നു. ദേശീയ ഗെയിംസിനായി സർക്കാർ ചെലവിൽ കോടികൾ മുടക്കി നവീകരിച്ച പൊലീസ് സ്റ്റേഡിയത്തിൽ കോർപ്പറേഷനു പോലും ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ സാധിക്കാതെ വന്നത് മുഖ്യമന്ത്രി തലത്തിൽവരെ പരാതിയായപ്പോഴാണ് സെമിയും ഫൈനലും നടത്താൻ അനുവദിക്കാമെന്നായത്.
അതേ സമയം ടൂർണമെന്റിൽ നിന്ന് തലസ്ഥാനത്തെ ഏക പ്രൊഫഷണൽ ക്ളബായ കോവളം എഫ്.സിയെ ഒഴിവാക്കിയതും വിവാദമായിട്ടുണ്ട്. നേരത്തേ 16 ടീമുകളായി നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് 12 ടീമുകളാക്കി മാറ്റിയപ്പോഴാണ് കോവളം എഫ്.സിയെ ഒഴിവാക്കേണ്ടി വന്നതെന്ന് തിരുവനന്തപുരം ജില്ലാ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.
പങ്കെടുക്കുന്ന ടീമുകൾ
ഗ്രൂപ്പ് എ
കേരള പൊലീസ്
ചെന്നൈയിൽ എഫ്.സി
ഏജീസ് കേരള
ഗ്രൂപ്പ് ബി
വെസ്റ്റേൺ റെയിൽവേ
ഗോകുലം എഫ്.സി
ടി.ഡി.എഫ്. എ ഇലവൻ
ഗ്രൂപ്പ് സി
എയർ ഇന്ത്യ
കെ.എസ്.ഇ.ബി
ഇന്ത്യൻ നേവി
ഗ്രൂപ്പ് ഡി
കേരള ബ്ളാസ്റ്റേഴ്സ്
ധൻബാദ് എഫ്.എ
എസ്.ബി.ഐ കേരള