തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ പരിശോധനാ രീതികൾ പ്രാകൃതമാകാതിരിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഒളിവിൽ നിന്നു ചാടിവീണ് പരിശോധന നടത്തുന്ന രീതി ഉണ്ടാവില്ല. ഹെൽമറ്റ് പരിശോധന ദ്രോഹമായി മാറ്റില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്മാർട്ട് പരിശോധനയ്ക്കാകും മുൻഗണന. സേഫ്‌കേരളുടെ ഭാഗമായി സജ്ജീകരിക്കുന്ന കാമറകൾ ഇതിനായി വിനിയോഗിക്കും. ഓരോ ജില്ലയിലും 100 കാമറകൾ വീതം സ്ഥാപിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് പരിശോധന നടത്താൻ സർക്കുലർ ഇറക്കിയിട്ടില്ല. കോടതി വിധിയുടെ പകർപ്പ് ലഭിച്ചാലുടൻ സർക്കുലർ ഇറക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.