തിരുവനന്തപുരം:കെ.പി.സി.സി പുനഃസംഘടനയിൽ ജംബോകമ്മിറ്റികൾ വരുന്നതിനെതിരെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിൽ കൂട്ടപ്രതിഷേധം ഉയർന്നു. ജംബോകമ്മിറ്റികൾ പാർട്ടിക്ക് ദോഷമാകുമെന്ന് ഭൂരിഭാഗം ഡി.സി.സി പ്രസിഡന്റുമാരും പറഞ്ഞു. അതിന്റെ ഉത്തരവാദി താനല്ലെന്ന് മുല്ലപ്പള്ളി കൈയൊഴിഞ്ഞു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി ചേർന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തു.
ഡി.സി.സി തലങ്ങളിൽ ജംബോ കമ്മിറ്റികളുണ്ടാക്കിയപ്പോൾ ദോഷമാണുണ്ടായതെന്നാണ് ഡി.സി.സി അദ്ധ്യക്ഷന്മാർ പറഞ്ഞത്. പുനഃസംഘടന തീരുമാനമായിട്ടില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ പട്ടികയിൽ മാറ്റങ്ങൾ വരാമെന്നും പാർട്ടിയെ ഊർജ്ജസ്വലമാക്കുന്ന തീരുമാനമേ ഹൈക്കമാൻഡിൽ നിന്നുണ്ടാകൂ എന്നും മുല്ലപ്പള്ളി വിശദീകരിച്ചു. കോന്നി ഉപതിരഞ്ഞെടുപ്പിൽ ഡി.സി.സിയുടെ ഏകോപനക്കുറവുണ്ടായെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടിയപ്പോൾ, തോൽവിക്ക് ഡി.സി.സിയെ മാത്രം പഴിചാരരുതെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്ജ് പരിഭവിച്ചു. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ തോൽവി ക്ഷണിച്ചുവരുത്തിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുനഃസംഘടനയിൽ മറ്റുള്ളവർ പറയുന്നത് കെ.പി.സി.സി പ്രസിഡന്റ് അംഗീകരിക്കരുതെന്ന് പലരും പറഞ്ഞു. താനൊരു ഗ്രൂപ്പിന്റെയും ആളല്ലെന്നും ജംബോകമ്മിറ്റിയുടെ ഉത്തരവാദിത്വം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ കരുനീക്കുന്നു. ജംബോകമ്മിറ്റി വേണ്ടെന്ന് പറഞ്ഞവർ ഡൽഹിയിലടക്കം പോയി പേരുകൾ നൽകുന്നു. തെന്നല ബാലകൃഷ്ണപിള്ള മാത്രമേ പേര് നിർദ്ദേശിക്കാതുള്ളൂ. പ്രായം നേതൃത്വത്തിന് പോരായ്മയായി താൻ കാണുന്നില്ലെങ്കിലും കഴിവുള്ളവർ വരണമെന്നതാണ് നിലപാടെന്നും അദ്ദേഹം വിശദമാക്കി. കേരള കോൺഗ്രസിനെ കയറൂരി വിടരുതെന്ന് കോട്ടയം, ഇടുക്കി പ്രസിഡന്റുമാർ പറഞ്ഞു. മലപ്പുറത്ത് മുസ്ലിംലീഗുമായി ഒരുമിച്ച് പോകണമെന്ന് മുല്ലപ്പള്ളി നിർദ്ദേശിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഇപ്പോൾ ഒഴിവാക്കണമെന്നും വാദമുണ്ടായി.
ഫെബ്രുവരിയിൽ ഒരു മാസത്തെ പദയാത്രകൾ ഡി.സി.സി അദ്ധ്യക്ഷന്മാർ നടത്താൻ തീരുമാനിച്ചു. ജനുവരി അവസാനത്തോടെ ബൂത്തുതലത്തിൽ ഡി.സി.സി പ്രസിഡന്റുമാരുടെ ഗൃഹസന്ദർശനം നടത്തും.