വർക്കല : ബൈക്കിൽ അമിത വേഗതയിലെത്തി സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിറുത്താതെ ഓടിച്ചുപോയി മതിലിലിടിച്ച് ബൈക്ക് ഓടിച്ചിരുന്ന പതിനാറുകാരൻ മരിച്ചു. ഒപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പതിമ്മൂന്നുകാരന് ഗുരുതരമായി പരിക്കേറ്റു. വർക്കല ശിവഗിരി ചെറുകുന്നം കണ്ണങ്കര വീട്ടിൽ നൗഷാദിന്റെയും ശർമിയുടെയും മകൻ അബ്ദുൽ സമദാണ് മരിച്ചത്. കിളിമാനൂരിൽ പാരലൽ കോളേജിലെ പ്ലസ്‌വൺ വിദ്യാർത്ഥിയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വർക്കല ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥി നിഹാൽ, അബ്ദുൽ സമദിന്റെ മാതൃസഹോദരി സൽമയുടെയും ചെറുകുന്നം കണ്ണങ്കര വീട്ടിൽ ഹസന്റെയും മകനാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലമ്പലം ഭാഗത്ത് നിന്നും അമിത വേഗതയിൽ വർക്കല ഭാഗത്തേക്ക് വരുമ്പോൾ വടശ്ശേരിക്കോണം ജംഗ്ഷനിൽ വച്ചാണ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത്. രണ്ടു വാഹനങ്ങളും യാത്രക്കാരും താഴെ വീണെങ്കിലും ആർക്കും സാരമായ പരിക്കേറ്റില്ല. സ്കൂട്ടറും ബൈക്കും തകർന്നു പോയി. നാട്ടുകാർ ഓടി കൂടുന്നതിനിടയിൽ അബ്ദുൾ സമദും നിഹാലും ബൈക്കിൽ കയറി അമിത വേഗതയിൽ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു. ഈ പോക്കിൽ പാലച്ചിറ തടം ജംഗ്ഷന് സമീപത്തെ മതിലിൽ ബൈക്ക് ഇടിച്ചു കയറിയാണ് അബ്ദുൽ സമദ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വർക്കല പൊലീസ് കേസെടുത്തു.
അബ്ദുൽ സമദിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് കിളിമാനൂർ തട്ടത്തുമല ജമാഅത്തിൽ നടക്കും. സഹോദരൻ: അഹദ്.