തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി അമ്പതിലധികം കവർച്ചാകേസുകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിലും മാലപൊട്ടിക്കൽ കേസുകളിലും പ്രതിയായ കൊടുംകുറ്റവാളിയെ വർക്കല പൊലീസ് പിടികൂടി. വർക്കല വെട്ടൂർ ആശാൻമുക്ക് വയലിൽ വീട്ടിൽ അബുത്താലിബാണ് (30) പിടിയിലായത്. കഴിഞ്ഞ പന്ത്രണ്ടുവർഷമായി തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയാകുകയും കഴിഞ്ഞ അഞ്ചുവർഷമായി ഒളിവിൽ കഴിയുകയും ചെയ്ത ഇയാളെ ഒളിത്താവളമായ കണ്ണൂരിൽ നിന്നാണ് പൊലീസ് പൊക്കിയത്. 2006ൽ ചെറുന്നിയൂരിൽ സഫീലയുടെ വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്ന കേസ് , വെട്ടൂർ സ്കൂളിലെ കമ്പൂട്ടർ മോഷണം ,2007ൽ മുട്ടപ്പലം സ്വദേശി ഹസീനയെ ബൈക്കിടിച്ച് വീഴ്ത്തി അഞ്ചുപവൻ മാല പൊട്ടിച്ച കേസ്, വെട്ടൂർസ്വദേശി ബാദുഷയെ തലയ്ക്ക് വെട്ടി 25000 രൂപ പിടിച്ചുപറിച്ചകേസ്, അയിരൂർ സ്വദേശി ലുക്ക് മാനെ അക്രമിച്ച് അഞ്ചുപവൻ മാല പൊട്ടിച്ച് കേസ്, ചാവർ കോട് പെട്രോൾ പമ്പിലെ സെയിൽസ് മാനെ വെട്ടി 9500 രൂപ കവർന്ന കേസ്,മുത്താനയിൽ കിരണിനെയും സുഹൃത്തിനെയും ആക്രമിച്ച് 4 പവൻമാല, 2008ൽ അയിരൂരിൽ യുവാവിനെവെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പരവൂർ പൊഴിക്കരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അഞ്ചുലക്ഷം തട്ടിയ കേസ്, താഴെ വെട്ടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് തുടങ്ങി അമ്പതിലധികം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
കാർ, പിക്കപ്പ് വാൻ, ബുള്ളറ്ര് വാഹനങ്ങൾ മോഷ്ടിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ കോടതികളിലായി 35 വാറന്റ് കേസുകളിലും പ്രതിയാണ്. കണ്ണൂരിൽ പ്ളാസ്റ്റിക് കമ്പനി ജീവനക്കാരനായി ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോഴേക്കും അവിടെ നിന്ന് കോട്ടയം ഏറ്റുമാനൂരിലേക്ക് കടന്ന ഇയാളെ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. റൂറൽ എസ്.പി ബി. അശോകന്റെ നിർദേശാനുസരണം ഡിവൈ.എസ്. പി കെ.എ വിദ്യാധരൻ, എസ്.ഐ ശ്യാം.എം.ജി എ.എസ്.ഐ ഷാബു, നവാസ്, എസ്. സി.പി ഒ മാരായ ബിജു, ഷെമീർ, ഹരീഷ്, സെബാസ്റ്റ്യൻ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.