k-p-a-majeed

കണ്ണൂർ: സി.പി.എമ്മിൽ ധാരാളം എൻ.ഡി.എഫിന്റെ ആളുകൾ ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം ജില്ലയിൽ പറപ്പൂൽ പഞ്ചായത്തിൽ ഭരണം നടത്തുന്നത് സി.പി.എമ്മും എസ്.ഡി.പി.ഐയും കൈകോർത്താണ്. കേരളത്തിൽ നാല് പഞ്ചായത്തുകളിൽ ഇവർ ഒന്നിച്ച് മത്സരിക്കുന്നുമുണ്ട്. എൻ.ഡി.എഫിന്റെ തോളിൽ കൈയിട്ട് നടക്കുന്ന സി.പി.എം ഇപ്പോൾ ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും മജീദ് കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.

യു.എ.പി.എ ചുമത്തി ജയിലിൽ കഴിയുന്ന രണ്ട് യുവാക്കളും സി.പി.എം അംഗങ്ങളാണ്. സി.പി.എമ്മും എൽ.ഡി.എഫുമാണ് തീവ്രവാദത്തേയും മാവോയിസത്തേയും പ്രോത്സാഹിപ്പിക്കുന്നത് എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ജാള്യതയും പരാജയവും മറച്ചുവെക്കാൻ വേണ്ടി മാത്രമാണ് സി.പി.എം മുസ്ലീം സമുദായത്തിന്റെ മേൽ കുതിര കയറുന്നത്.

ജയിലിൽ കഴിയുന്ന യുവാക്കൾക്ക് വേണ്ടുന്ന നിയമസഹായം ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും നോക്കുന്നത് സി.പി.എം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.പി.എ ചുമത്തിയതിന്റെ പേരിൽ അവർക്കുള്ളിൽ ഇപ്പോഴും പോര് മൂക്കുകയാണെന്നും മജീദ് കൂട്ടിച്ചേർത്തു. യു.എ.പി.എ പിൻവലിക്കണമെന്ന് ഇവരുടെ കേന്ദ്ര നേതൃത്വം പറയുമ്പോൾ, തെറ്റ്തിരുത്തി വന്നാൽ പരിശോധിക്കാമെന്നാണ് കേരളത്തിലെ നേതാക്കൾ പറയുന്നത്. സി.പി.എമ്മിലെ അണികൾ ഇതിനിടയിൽപെട്ട് അന്താളിച്ച് നിൽക്കുകയാണെന്നും മജീദ് പറഞ്ഞു.