തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയ്ക്ക് ക്ഷാമമുണ്ടാകില്ലെന്ന് നിയമസഭയിൽ മന്ത്രി പി.തിലോത്തമന്റെ ഉറപ്പ്. സംസ്ഥാനത്തിനു വേണ്ട സവാള എത്രയെന്ന് ഓരോ ആഴ്ചയും കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. കേന്ദ്രം ഇറക്കുമതി ചെയ്യുമ്പോൾ അതിൽ നിന്ന് വേണ്ടത്ര അളവ് ശേഖരിക്കാൻ നടപടിയുമെടുത്തിട്ടുണ്ട്. സവാള വില കൂടിയപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് നേരിട്ടു വാങ്ങി വില കുറച്ച് വിതരണം ചെയ്തു. സവാള ഇറക്കുമതി ചെയ്യുന്ന കേന്ദ്ര ഏജൻസികളിൽ നിന്ന് വീണ്ടും സവാള വാങ്ങി മാവേലി സ്റ്റോറുകളിലൂടെ വിതരണം ചെയ്യുമെന്നും പി.ടി. തോമസിന്റെ സബ്‌മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ പ്രളയം കാരണം വൻപയർ, തുവരപ്പരിപ്പ്, ഉഴുന്ന് തുടങ്ങിയ ഉല്പന്നങ്ങൾ തീരെ ലഭിക്കുന്നില്ല. കടത്തുകൂലി കൂടുകയും ചെയ്തു. ഇവ നമ്മുടെ നിയന്ത്റണത്തിൽ അല്ലാത്തതുകൊണ്ട് വിലവർദ്ധനവ് തടയാൻ പരിമിതികളുണ്ട്.
സപ്ലൈകോ വില്പനശാലകൾക്കായി ഉത്പന്നങ്ങൾ വാങ്ങാൻ സാമ്പത്തിക പ്രശ്നമില്ല. സബ്‌സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാത്തത് സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. ടെൻഡർ തീർപ്പു കൽപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ പർച്ചേസ് ഓർഡർ നൽകാനും പെട്ടെന്ന് സാധനങ്ങൾ വിപണനശാലകളിൽ എത്തിക്കാനും കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ 1977 ജനുവരിക്കു മുമ്പുള്ള വനം കയ്യേറ്റക്കാർക്ക് കേന്ദ്രാനുമതി ലഭിക്കുന്നതനുസരിച്ച് പട്ടയം നൽകുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. ഇത്തരത്തിൽ 1970.04 ഹെക്ടർ ഭൂമിയുണ്ട്.ഈ ഭൂമിയുടെ വിവരങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അനുമതി വേഗത്തിലാക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അനുമതി കിട്ടിയാൽ 1993-ലെ പ്രത്യേക ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകുമെന്ന് കെ.യു. ജനീഷ്‌കുമാറിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
ചേർത്തല പള്ളിപ്പുറത്തെ മലബാർ സിമന്റ്സിന് അസംസ്കൃത വസ്തുക്കളെത്തിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. മാന്ദ്യം കാരണം പ്രതിദിന ഉത്പാദനം 600 ൽ നിന്ന് 200 ടണ്ണാക്കി കുറച്ചെന്നും വില്പന മെച്ചപ്പെടുത്താൻ നടപടികളെടുക്കുന്നുണ്ടെന്നും ഷാനിമോൾ ഉസ്മാന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.