തിരുവനന്തപുരം: പത്തനംതിട്ട കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുന്നതിന് തുടർനടപടികളെടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. വീണാ ജോർജ്ജിന്റെ സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കോന്നി, അടൂർ, മല്ലപ്പളളി, കോഴഞ്ചേരി, തിരുവല്ല, റാന്നി താലൂക്കുകളാണ് നിലവിൽ പത്തനംതിട്ട ജില്ലയിലുള്ളത്. കോഴഞ്ചേരി താലൂക്കിനെ വിഭജിച്ച് 2014 ആഗസ്​റ്റിലാണ് കോന്നി താലൂക്ക് രൂപീകരിച്ചത്. നിലവിൽ കോഴഞ്ചേരി താലൂക്കിൽ 11ഉം, കോന്നി, അടൂർ താലൂക്കുകളിൽ 14ഉം, മല്ലപ്പളളി താലൂക്കിൽ 9ഉം, തിരുവല്ല താലൂക്കിൽ 12ഉം റാന്നി താലൂക്കിൽ 10ഉം വില്ലേജുകളുണ്ട്. തിരുവല്ല, കോഴഞ്ചേരി, കോന്നി താലൂക്കുകളിൽപ്പെടുന്ന വില്ലേജുകളെ ജനങ്ങൾക്ക് സൗകര്യപ്റദമാകുന്ന രീതിയിൽ വിഭജിച്ച് പത്തനംതിട്ട കേന്ദ്റീകരിച്ച് ഒരു പുതിയ താലൂക്ക് രൂപീകരിക്കുന്നതിനോട് സർക്കാരിന് വിയോജിപ്പില്ല. പുതിയ താലൂക്കുകളുടെ രൂപീകരണവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ താലൂക്ക് പുനസംഘടന സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യൂ കമ്മിഷണറേ​റ്റിലെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വില്ലേജുകളുടെയും താലൂക്ക്, സ്വയം ഭരണ സ്ഥാപനങ്ങളുടെ പേര്, പോളിംഗ് ബൂത്തുകളുടെയും വോട്ടർമാരുടെയും വിവരങ്ങൾ, 2011ലെ ജനസംഖ്യാ നിരക്ക് തുടങ്ങിയവ ക്രോഡീകരിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നെന്നും പഠന റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.