ഇരുചക്ര വാഹനം ഓടിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അടയ്ക്കേണ്ട പിഴത്തുകയിൽ വൻ വർദ്ധന വരുത്തുകയും പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ ഉത്തരവിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ പൊലീസിന്റെ വാഹന പരിശോധനയും പിഴ ചുമത്തലും കർക്കശമാകാൻ പോവുകയാണ്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായ ഒരു നിർദ്ദേശം ടൂവീലർ യാത്രക്കാർക്ക് തെല്ല് ആശ്വാസം പകരുന്നു. ഹെൽമറ്റില്ലാ യാത്രികരെ റോഡിൽ ഓടിച്ചിട്ടു പിടികൂടാൻ പൊലീസ് ശ്രമിക്കരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാനത്തുടനീളം ഇപ്പോൾ നടന്നുവരുന്ന ഹെൽമറ്റ് വേട്ട അങ്ങേയറ്റം പ്രാകൃതമായ നിലയിലാണ്. ഒരുതരം പ്രതികാരബുദ്ധിയോടെയാണ് യാത്രികരെ റോഡിൽ തടഞ്ഞുനിറുത്തിപരിശോധിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പരിശോധനയ്ക്കിടയിൽ പലപ്പോഴും അപകടങ്ങളും പതിവാണ്. സാഹസികരായയുവാക്കൾ പൊലീസ് കൈ കാണിച്ചാലും വെട്ടിച്ചുപോകാൻ ശ്രമിച്ചെന്നിരിക്കും. പൊലീസുകാരിൽ ചിലർ പിന്തുടർന്നു പിടികൂടാൻ ചാടിപ്പുറപ്പെടും. ഇങ്ങനെയുള്ള മത്സര ഓട്ടത്തിനിടയിൽ അപകടങ്ങളും പതിവാണ്. നിരവധി യുവാക്കൾക്ക് ജീവനും നഷ്ടമാകാറുണ്ട്. റോഡിൽ കയറി നിന്ന് വാഹനം തടയാൻ ശ്രമിച്ച പൊലീസുകാർക്കും അപകടം പറ്റാറുണ്ട്. പൊലീസിനെ വെട്ടിച്ച് പോകുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ ഇന്നത്തെ കാലത്ത് ഒരു പ്രയാസവുമില്ല. വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയാൽമതി ഉടമയെ കണ്ടെത്താം. നിയമ പ്രകാരമുള്ള പിഴയും ഈടാക്കാം. കാമറയുടെ സഹായത്തോടെ ഇപ്പോഴും ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടി പിഴ അടപ്പിക്കുന്നതും പതിവാണ്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഈയിനത്തിൽ ഖജനാവിൽ എത്തുന്നത്.
ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പരിഷ്കൃത മാർഗങ്ങൾ ലോകത്തെവിടെയും ഇന്ന് നിലവിലുണ്ട്. മാന്യത വിടാതെ സൗഹൃദത്തോടും സംസ്കാരത്തോടും കൂടിയുള്ള വാഹന പരിശോധന പരിഷ്കൃത രാജ്യങ്ങളിലെ പ്രത്യേകതയാണ്. ഇവിടെ പലപ്പോഴും കൊടിയ കുറ്റവാളികളെന്ന നിലയ്ക്കാണ് വാഹന യാത്രക്കാരെ പരിശോധക സംഘം നേരിടാറുള്ളത്. വാഹന പരിശോധനയ്ക്കിടെ സംഘർഷവും അടിപിടിയുമൊക്കെ ഉണ്ടാകാൻ പ്രധാന കാരണം ഇതാണ്. തിരക്കേറിയ റോഡുകളിൽ വാഹന പരിശോധന പാടില്ലെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധമാകണം പരിശോധന നടത്താനെന്നും പൊലീസ് മേധാവികൾ മാത്രമല്ല പരമോന്നത നീതിപീഠവും പലവട്ടം ഓർമ്മിപ്പിച്ചിട്ടുള്ളതാണ്. കൃത്യമായ സ്ഥലങ്ങൾ അടയാളപ്പെടുത്തി അവിടങ്ങളിൽ വച്ച് മാത്രമേ പരിശോധന നടത്താവൂ എന്നു നിർദ്ദേശിക്കുന്ന ഡി.ജി.പിയുടെ സർക്കുലറിനു തന്നെ എട്ടുവർഷം പഴക്കമുണ്ട്. അതുപോലെ വാഹന പരിശോധന പൂർണമായും കാമറയിൽ പകർത്തി സൂക്ഷിക്കണമെന്നു നിർദ്ദേശിച്ചത് ഹൈക്കോടതിയാണ്. നിർദ്ദേശങ്ങളെല്ലാം കടലാസിൽ ശേഷിക്കുന്നതല്ലാതെ പ്രയോഗ തലത്തിൽ വന്നിട്ടില്ല. അധികവും ടൂവീലർകാരും ചെറുവാഹന ഉടമകളുമാകും പരിശോധക സംഘത്തിന്റെ ഇരകളാകുന്നത്. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക ഈയിടെ ഗണ്യമായി ഉയർത്തിയിരുന്നു. പിടിക്കപ്പെടുന്ന സമയം കൈവശം പണമില്ലെങ്കിൽ നോട്ടീസ് നൽകി പിന്നീട് അടയ്ക്കാൻ ആവശ്യപ്പെട്ടാൽ മതിയെന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നു. ഇക്കാര്യത്തിലും പരിശോധക സംഘം പിടിവാശി കാണിക്കുന്നതായ പരാതികൾ ഇപ്പോഴുമുണ്ട്.
വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകളിൽ ഗതാഗത നിയമലംഘനങ്ങളിലും വൻ വർദ്ധന കാണാം. എല്ലാ നിയമലംഘനങ്ങളും കണ്ടെത്തി ശിക്ഷിക്കുക എളുപ്പമൊന്നുമല്ല. ടാർഗറ്റ് തികയ്ക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് പൊലീസ് തോന്നിയ മട്ടിൽ റോഡിൽ വാഹന പരിശോധനയ്ക്കിറങ്ങുന്നത്. പുതിയ സാഹചര്യങ്ങളിൽ പരിഷ്കൃതമായ രീതിയിൽ ഈ ദൗത്യനിർവഹണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കാനാവുമോ എന്ന് ആലോചിക്കാവുന്നതാണ്. പരിശോധക സംഘത്തിന് ആവശ്യമായ എല്ലാ നവീന ഉപകരണങ്ങളും ലഭ്യമാക്കണം. നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ പ്രവർത്തനക്ഷമമാണെന്ന് കൂടക്കൂടെ ഉറപ്പാക്കിയാൽത്തന്നെ നിയമ ലംഘനങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകും.
പിൻസീറ്റിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നതോടെ അതിനെതിരെ പ്രതിഷേധവും ഉയരാനിടയുണ്ട്. എന്നാൽ നിയമം നടപ്പാക്കാൻ ബാദ്ധ്യതയുള്ള സർക്കാരിന് ഇതിൽ ഇളവനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. പരിശോധന വ്യാപകമാക്കുന്നതിനൊപ്പം പ്രാകൃതമാകാത്ത വിധമായിരിക്കും നിയമം നടപ്പാക്കുകയെന്ന് ഗതാഗത മന്ത്രി പറഞ്ഞിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്മാർട്ട് പരിശോധനയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലും അനേകം കാമറകൾ പുതുതായി സ്ഥാപിക്കും. ട്രാഫിക് വിഭാഗം പതിന്മടങ്ങ് ശക്തിപ്പെടുത്തിയാലേ കാര്യങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്ന യാഥാർത്ഥ്യം കൂടി സർക്കാർ തിരിച്ചറിയണം.