തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം നടപടികൾ പൂർത്തിയാക്കി ഇന്നലെ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച അവസാന ദിവസവും ഏറെ പ്രാധാന്യമുള്ള കേരള കർഷക ക്ഷേമനിധി, കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബില്ലുകൾ പാസാക്കിയാണ് സഭ പിരിഞ്ഞത്.
2016 ജൂൺ രണ്ടിന് സമ്മേളനം ആരംഭിച്ച സഭയുടെ ഇരുന്നൂറാമത് സമ്മേളന ദിനമാണ് ഇന്നലെ പൂർത്തിയാക്കിയത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന ആറ് പുതിയ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ഒക്ടോബർ 28 ന് ആരംഭിച്ച സമ്മേളനം 19 ദിവസം ചേർന്നു. കേരളപ്പിറവി ദിനത്തിൽ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു ദിവസം പ്രത്യേക സമ്മേളനമായി ചേർന്നു.
15 ദിവസം നിയമനിർമ്മാണത്തിനും രണ്ടു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും ഒരു ദിവസം ഉപധനാഭ്യർത്ഥനകളുടെ ചർച്ചയ്ക്കായും വിനിയോഗിച്ചു. സമ്മേളനാരംഭത്തിൽ നിലവിലുണ്ടായിരുന്ന 16 ഓർഡിനൻസുകളിൽ 14 എണ്ണത്തിനു പകരം നിയമനിർമ്മാണം നടത്താനായി.
സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബിൽ, സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാഡമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും ) ബിൽ, കേരള മദ്റസ അദ്ധ്യാപക ക്ഷേമനിധി ബിൽ എന്നിവ സാമൂഹ്യ പ്രാധാന്യമുള്ള ബില്ലുകളാണ്. 2018-ലെ കേരള കർഷകക്ഷേമനിധി ബില്ലാണ് മറ്റൊരു സുപ്രധാന നിയമ നിർമ്മാണം. പുതുവർഷത്തിൽ തുടങ്ങുന്ന 'സഭാ ടി.വി'യുടെ ലോഗോയുടെയും തീം സോംഗിന്റെയും പ്രകാശനവും സമ്മേളന കാലത്ത് നടന്നു.