husband-wife

വാഷിംഗ്ടൺ: ഭാര്യയ്ക്ക് ശമ്പളം കൂടിയാൽ ഭർത്താവിന് മാനസിക പിരിമുറുക്കം കൂടും. യൂണിവേഴ്സിറ്റി ഒഫ് ബാത്ത് നടത്തിയ പഠനത്തിലാണ് ഭർത്താക്കന്മാരുടെ ബി.പി ഉയരുന്നതിനുള്ള ഒരു കാരണംകൂടി വെളിപ്പെട്ടത്. കുടുംബ വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടതൽ ഭാര്യയുടെ സംഭാവനയാണെങ്കിൽ ഭർത്താവിന് മാനസിക പിരിമുറുക്കം ഉണ്ടാകുമെന്നത് ഉറപ്പാണെന്നാണ് പഠനം പറയുന്നത്. പുരുഷ മേധാവിത്വ മനോഭാവമാണ് ഇതിന് കാരണം.ഭാര്യയുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നത് മിക്കപുരുഷന്മാർക്കും ആലോചിക്കാൻപോലുമാകാത്ത കാര്യമാണ്. സ്ത്രീകളെക്കാൾ സമ്പാദിക്കേണ്ടത് പുരുഷന്മാരാണ് എന്ന ചിന്തയാണ് പുരുഷന്മാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നത് എന്നും പഠനം സൂചിപ്പിക്കുന്നു.ആദ്യമൊക്കെ ഇത് പിരിമുറുക്കം മൂടിവയ്ക്കാൻ ശ്രമിക്കുമെങ്കിലും ക്രമേണ അത് പുറത്തുവരും. ഇതുകാരണം കുടുംബങ്ങൾക്കുള്ളിൽപ്പോലും പ്രശ്നങ്ങൾ തുടങ്ങും.

15 വർഷത്തിലധികമായി ഒന്നിച്ചു ജീവിക്കുന്ന 6000 അമേരിക്കൻ ദമ്പതികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഭാര്യയുടെ ശമ്പളം ഉയരാൻ തുടങ്ങുമ്പോഴെ പുരുഷന്മാരിൽ സമ്മർദം ഉണ്ടാകുന്നു എന്നാണ് ഗവേഷകർ പറയുന്നത്.
പിരിമുറുക്കം ശക്തമാകുന്നത് ശാരീരിക മാനസികപ്രശ്നങ്ങൾക്കും ഇടയാക്കും.

പുരുഷന്മാരുടെ ചിന്തയുടെ പ്രശ്നമാണ് എല്ലാത്തിനും കാരണമെന്നാണ് ഗവേഷകർ പറയുന്നത്. ഭാര്യയ്ക്കും ഭർത്താവിനും കുടുംബജീവിതത്തിൽ ഒരുപോലെ റോളുണ്ട് എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമാണിതെന്നും അവർ പറയുന്നു.