തിരുവനന്തപുരം: എന്താണ് ഈ സെൻഷ്വർ എന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചട്ടം 53- ൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇന്നലെ നിയമസഭയിൽ നാല് പ്രതിപക്ഷ അംഗങ്ങൾക്കെതിരെ സ്പീക്കർ നടപടി പ്രഖ്യാപിച്ചയുടൻ നടന്ന വാദപ്രതിവാദത്തിന്റെ തുടക്കം ഇങ്ങനെ. പ്രതിപക്ഷനേതാവും സ്പീക്കറും കൊമ്പുകോർക്കുന്നതാണ് പിന്നെ കണ്ടത്. അതിനിടെ, നടുത്തളത്തിലിറങ്ങി ചിലരുടെ ആക്രോശവും!
സ്പീക്കർ: കഴിഞ്ഞദിവസം സഭ തടസ്സപ്പെട്ടതിനെ തുടർന്ന് കക്ഷിനേതാക്കളുടെ യോഗം വിളിച്ചപ്പോൾത്തന്നെ നെ നടപടി വേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ്: നടപടി വേണ്ടിവരുമെന്നു പറഞ്ഞത് ശരിയാണ്. പക്ഷേ മുഖ്യമന്ത്രി അതൊന്നും പറഞ്ഞില്ല. കാര്യങ്ങൾ വേഗം തീർത്ത് പോകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാവരോടും കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അങ്ങ് ഇവിടെ പറഞ്ഞു. എങ്കിൽ ഞങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. ഏകപക്ഷീയമായ സെൻഷ്വർ നടപടിയോട് യോജിക്കാനാവില്ല.
(ഇതിനിടെ കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണ ദിവസത്തെ ബഹളത്തിന്റെ ചിത്രമടങ്ങിയ പ്ലക്കാർഡുയർത്തി പ്രതിപക്ഷബഹളം നടുത്തളത്തിൽ.)
സ്പീക്കർ: മുൻകാലങ്ങളിലും സഭയുടെ അന്തസ്സിനു ചേരാത്ത കാര്യങ്ങൾ ഉണ്ടായപ്പോഴെല്ലാം നടപടികൾ അംഗീകരിക്കുന്ന ഉന്നത ജനാധിപത്യ പാരമ്പര്യമാണ് ഉണ്ടായിട്ടുള്ളത്. നിങ്ങൾ ഈ നടപടി അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ നിവൃത്തിയില്ല. ചട്ടം 53-ൽ നടപടികളെപ്പറ്റി കൃത്യമായി പറയുന്നുണ്ട്. പരിമിതമായ ശിക്ഷ പോലും ഏറ്റുവാങ്ങാൻ തയ്യാറാവാത്ത മാനസികാവസ്ഥയാണോ നിങ്ങളുടേത്?
പ്രതിപക്ഷനേതാവ്: കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സഭയിൽ അറിയിച്ച ശേഷം ഞങ്ങളുമായി സംസാരിക്കാതെ ഏകപക്ഷീയമായി ശിക്ഷ വിധിച്ചത് ശരിയായില്ല.
സ്പീക്കർ: അങ്ങനെയല്ല, പരിശോധിച്ച് ആലോചിച്ച് ചട്ടങ്ങൾ പ്രകാരം സ്പീക്കർക്ക് നൽകിയിട്ടുള്ള അധികാരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. (സ്പീക്കർക്കെതിരെ വ്യക്തിപരമായ ആരോപണമുയർത്തി പ്രതിപക്ഷഅംഗങ്ങളുടെ ബഹളം)
(പ്രകോപിതനായ സ്പീക്കർ ഉച്ചത്തിൽ) ഇത് വളരെ വളരെ നിർഭാഗ്യകരം. സഭയുടെ ചരിത്രത്തിൽ ഇല്ലാത്ത വിധം പെരുമാറുന്നത് ലോകം മുഴുവൻ കാണുന്നുണ്ട്. ഇതൊന്നും വ്യക്തിപരമായ പ്രശ്നമല്ല. സഭയിലെ എല്ലാ അംഗങ്ങൾക്കും അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കാനുള്ള അവകാശം എനിക്കുണ്ട്. (ബഹളം മൂർച്ഛിക്കുന്നു).
സ്പീക്കർ: ഈ തീരുമാനം എന്റേതു മാത്രമാണ്. ഞാൻ ഓൺ ചെയ്യുന്നു. ഇതുമൂലമുണ്ടാകുന്ന എല്ലാ ഭവിഷ്യത്തുകളും ഞാൻ ഏറ്റെടുക്കാൻ തയ്യാറാണ്. (അനിൽ അക്കരെയുടെ ബഹളം അതിരു കടന്നപ്പോൾ...) പ്രകോപിപ്പിച്ച് എന്തെങ്കിലും നേടാനാകുമെന്ന് അനിൽ അക്കരെ ശ്രമിക്കുന്നെങ്കിൽ അത് നടക്കില്ല.
(ബഹളം അവസാനിക്കുന്നില്ല).
സ്പീക്കർ: ഇത്രയും അന്തസ്സില്ലാതെ പെരുമാറുന്ന അവസ്ഥയിൽ സഭ നടത്തിക്കൊണ്ടു പോകാനാവില്ല. സഭാനടപടികൾ താത്കാലികമായി നിറുത്തിവയ്ക്കുന്നു (സമയം രാവിലെ 10: 20).