തിരുവനന്തപുരം: ഹൈക്കോടതിയിൽ നിന്ന് കണക്കിന് കിട്ടിയതോടെ വളവുകളിൽ മറഞ്ഞുനിന്ന്, വാഹനത്തിനു മുന്നിൽ ചാടിവീണ്, തെറിവിളിച്ചുള്ള പ്രാകൃതമായ വാഹനപരിശോധന നിറുത്തി പൊലീസ് നന്നാകാൻ തീരുമാനിച്ചു. പൊലീസുകാരുടെ മൊബൈലിൽ അത്യാധുനിക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനമായ ടോട്ടൽ ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്‌മെന്റ് സംവിധാനം മൂന്നാഴ്ചയ്ക്കകം നടപ്പാക്കും.
തിരിച്ചടവില്ലാത്ത 1.86 കോടിയുടെ ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതി 2018ൽ തയ്യാറാക്കിയെങ്കിലും ആഭ്യന്തര, ധനവകുപ്പുകൾ അനുമതി നൽകാതെ തട്ടിക്കളിക്കുകയായിരുന്നു. ഹെൽമറ്റ് വേട്ടയ്ക്കായുള്ള ഹോട്ട് ചേസിംഗ് നിറുത്തണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനമുണ്ടായതോടെ ഫയലുകൾ അതിവേഗം നീങ്ങിത്തുടങ്ങി.
സർക്കാരിന് നയാപൈസാ ചെലവില്ലാത്ത പദ്ധതിയാണെന്നു മാത്രമല്ല, പിഴയീടാക്കൽ കാര്യക്ഷമമാവുന്നതോടെ വരുമാനം കൂടുകയും ചെയ്യും. നാഷണൽ ഇൻഫോമാറ്റിക് സെന്ററാണ് (എൻ.ഐ.സി) പൊലീസിന് ഡിജിറ്റൽ പരിശോധനയ്ക്കുള്ള സോഫ്‌റ്റ്‌വെയർ നൽകുന്നത്. പൊലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും ഡേറ്റാബേസിലേക്ക് ഇതിനെ ബന്ധിപ്പിക്കും. ഓരോതവണത്തെ നിയമലംഘനവും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനാൽ കുറ്റം ആവർത്തിക്കുന്നതും പെട്ടെന്ന് കണ്ടെത്താം. അങ്ങനെവന്നാൽ പിഴയുംകൂടും.
6000 പൊലീസുകാർ ഫ്രീ
ഡിജിറ്റൽ ട്രാഫിക് സംവിധാനം നടപ്പിലാവുന്നതോടെ പ്രതിദിനം 4000 പൊലീസുകാരെ വാഹന പരിശോധനയിൽ നിന്ന് പിൻവലിക്കാം. പെറ്റിക്കേസ് തയ്യാറാക്കൽ, നോട്ടീസെഴുതൽ, പിഴയീടാക്കൽ, രജിസ്റ്ററുണ്ടാക്കൽ, സമൻസ് അയയ്ക്കൽ എന്നിവയ്ക്ക് നിയോഗിക്കുന്ന 2000 പൊലീസുകാരെയും കുറയ്ക്കാം.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ സംവിധാനത്തിന് കഴിയില്ലെന്നതിനാൽ ഇതിനായി നഗരങ്ങളിൽ രാത്രിയിൽ ബ്രെത്ത് അനലൈസർ പരിശോധനയ്ക്ക് ഏതാനും സംഘങ്ങളെ നിയോഗിക്കും. ഇവരുടെ പ്രവർത്തനം തത്സമയ സംപ്രേഷണമുള്ള കാമറയിൽ പകർത്തും.
പരിശോധന ഇങ്ങനെ
1. എല്ലാ പൊലീസുകാരുടെയും ആൻഡ്രോയ്‌ഡ് മൊബൈൽഫോണിൽ ഇൻസ്റ്റാൾചെയ്യുന്ന ആപ്ലിക്കേഷനിൽ നിയമലംഘനങ്ങളുടെ ചിത്രം തത്സമയം പകർത്തും. എല്ലാവർക്കും ഓരോ ഐ.ഡിയുണ്ടാവും. അതുവഴിയാണ് ആപ്ലിക്കേഷനിലേക്ക് ലോഗിൻ ചെയ്യേണ്ടത്.
2. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആപ്ലിക്കേഷനിലെ കാമറയിലൂടെ ചിത്രം പകർത്തണം. വാഹനത്തിന്റെയും നിയമലംഘനത്തിന്റെയും വ്യക്തതയുള്ള ചിത്രം, നിയമലംഘനത്തിന്റെ രീതി, തീയതി, സമയം, സ്ഥലം, പിഴത്തുക എന്നിവ ആട്ടോമാറ്റിക്കായി ആപ്ലിക്കേഷൻ സേവ് ചെയ്ത് തിരുവനന്തപുരത്തെ സെർവറിലേക്ക് അയയ്ക്കും.
3. തിരുവനന്തപുരത്തെ ഡിജിറ്റൽ ട്രാഫിക് കൺട്രോൾ റൂമിൽ ചിത്രം പരിശോധിച്ച് നിയമലംഘനത്തിന് പിഴ നിശ്ചയിക്കും. മോട്ടോർവാഹന വകുപ്പിന്റെ സഹായത്തോടെ ഇത് വാഹന ഉടമയുടെ വിലാസത്തിൽ ചിത്രം സഹിതം അയയ്ക്കും.
4. മൊബൈൽ, ബാങ്ക്, ഓൺലൈൻ പേമെന്റ് ഗേറ്റ്‌വേകളിലൂടെയോ അക്ഷയകേന്ദ്രങ്ങളിലൂടെയോ പോസ്റ്റോഫീസ് വഴിയോ 15 ദിവസത്തിനുള്ളിൽ പിഴയടയ്ക്കണം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുപയോഗിച്ച് പിഴയടയ്ക്കാനുള്ള സ്വൈപ്പിംഗ് യന്ത്രം എച്ച്.ഡി.എഫ്.സി ബാങ്ക് സൗജന്യമായി നൽകും. പണമിടപാടിന് ചാർജ് ഈടാക്കില്ല.
5. ആട്ടോമാറ്റിക്കായി നമ്പർപ്ലേറ്റുകൾ തിരിച്ചറിയാനും ഹെൽമറ്റില്ലാത്തവരെയും സിഗ്നൽ അവഗണിക്കുന്നവരെയും തിരിച്ചറിയാനും നിർമ്മിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രവർത്തിക്കുന്ന കാമറകളും സ്ഥാപിക്കും. ഇവ ചിത്രങ്ങളെടുത്ത് സ്‌മാർട്ട് കൺട്രോൾറൂമിലേക്കയയ്ക്കും. ഈ പദ്ധതിക്ക് 180 കോടിയാണ് ചെലവ്. കാമറകൾക്കായി ടെൻഡർ തുടങ്ങി.