തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളിൽ, സ്ഥലം സന്ദർശിച്ച യു.ഡി.എഫ് എം.എൽ.എമാർക്ക് അതൃപ്തി. സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംഘം നിയമസഭാ മന്ദിരത്തിലെ ഓഫീസിലെത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ബഡ്ജറ്റിൽ തിരുപ്പതി മോഡൽ സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴനനയാതെ നിൽക്കാനുള്ള സൗകര്യം പോലും സന്നിധാനത്തില്ല. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പി.ജെ.ജോസഫ്, വി.എസ്.ശിവകുമാർ, ഡോ.എൻ.ജയരാജ്, പാറക്കൽ അബ്ദുള്ള എന്നിവരാണ് ശബരിമല സന്ദർശിച്ചത്.
നിവേദനത്തിൽ പറയുന്ന പ്രധാന പോരായ്മകൾ
നിലയ്ക്കലിൽ 25,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നടന്നില്ല
30,000 പേർക്ക് വിരിവയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് പറഞ്ഞെങ്കിലും അതുമായില്ല
സീതത്തോട്ടിൽ നിന്നും പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലമെത്തിക്കുമെന്ന പ്രഖ്യാപനവും നടന്നില്ല
മാലിന്യപൂരിതമായ പമ്പയിൽ ഭക്തർക്ക് വിരിവയ്ക്കാൻ സൗകര്യമില്ല
ആകെയുള്ള 400 ശുചിമുറികൾക്ക് മുന്നിൽ വെള്ളക്കെട്ട്
പ്രളയത്തിൽ ഒലിച്ചുപോയ പമ്പാ രാമമൂർത്തി മണ്ഡപത്തിന് പകരം യാതൊരു സംവിധാനം ഏർപ്പെടുത്തിയില്ല
മുൻപ് ചെറുവാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഹിൽടോപ്പ് തകർന്നു കിടക്കുന്നു
നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ
സന്നിധാനത്ത് കൂടുതൽ തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കണം
മുഖ്യമന്ത്റി തന്നെ യോഗം വിളിച്ച് സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കണം
കിഫ്ബി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം
തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി മാത്രം ഒരു കമ്മിഷണറെ നിയമിക്കണം