നെയ്യാറ്റിൻകര: ലക്ഷങ്ങൾ മുടക്കി നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്ലാസ്ടിക് റീസൈക്ലിംഗ് യൂണിറ്റ് കാടും പടർപ്പുമേറി നശിക്കുന്നു. നഗരസഭാ പ്രദേശം പ്ലാസ്ടിക് വിമുക്തമാക്കുമെന്ന വാഗ്ദാനം എങ്ങുമെത്താതിരിക്കെയാണ് ഈ അവഗണന. നഗരസഭാ വക ഭൂമിയിൽ ഏതാണ്ട് ആറര ലക്ഷം രൂപ മുടക്കിയാണ് പ്ലാസ്ടിക് റീസൈക്ലിംഗ് യൂണിറ്റ് ആരംഭിക്കുവാനായി നഗരസഭ തുടക്കമിട്ടത്. കോട്ടയത്തെ ഒരു കമ്പനിയുമായി ധാരണയുമായി. പദ്ധതി നടത്തിപ്പിലേക്കായി നഗരസഭാ പ്രദേശത്തു നിന്നും പ്ലാസ്ടിക് സംഭരിക്കുവാനായി സ്ത്രീകളെ ഹരിതകർമ്മ സേനക്കും രൂപം നൽകി. അവർക്ക് യൂണിഫോമും പരിശീലനവും നൽകി. എന്നിട്ടും പദ്ധതി മുടങ്ങി. പ്ലാസ്ടിക് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കുവാനുള്ള കമ്പനിയുമായി നഗരസഭ വച്ചിരുന്ന എഗ്രിമെന്റ് കാലാവധി കഴിഞ്ഞതാണ് കാരണം. ഷ്രെഡിംഗ് മെഷീൻ സ്ഥാപിക്കുവാനായി എല്ലാ വിധ സജ്ജീകരണങ്ങളും കെട്ടിടത്തിൽ തയാറാക്കിയിരുന്നു.
നിർമ്മാണയൂണിറ്റാകട്ടെ കാടുംപടർപ്പുമേറി നശിച്ചു കൊണ്ടിരിക്കുകയാണ്. യൂണിറ്റിന്റെ പകുതി നിർമ്മാണം മാത്രമേ പൂർത്തിയായിട്ടുള്ളു. നിർമ്മാണം പൂർത്തിയാകാത്ത സ്ഥലം തുറസ്സായി കിടക്കുന്നതിനാൽ മഴയും വെയിലുമേറ്റ് തുരുമ്പിക്കുകയാണ്. ഇഴജന്തുക്കളുടെ താവളമായി മാറിയ ഇവിടം നാട്ടുകാർക്കും ഭീഷണിയാണ്.
ദിനം പ്രതി പ്ലാസ്ടിക് മാലിന്യങ്ങൾ നഗരസഭാ പ്രദേശത്ത് കുന്നുകൂടുകയാണ്. ഇവ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചിരിക്കുകയാണ് അധികൃതർ. പ്ലാസ്ടിക് നിരോധിക്കുമെന്ന പറയുമ്പോഴും നഗരഭാ പ്രദേശത്ത് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്ടിക് മാലിന്യം കൊണ്ട് നാട്ടുകാർ പൊറുതി മുട്ടിയിരിക്കുകയാണ്. പ്ലാസ്ടിക് ഉപയോഗം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതിന് പകരം നഗരസഭ ഈ വിഷമയത്തിന്മേൽ മിണ്ടാട്ടമില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്ലാസ്ടിക് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കുവാനായി ചെറിയ ഷ്രെഡിംഗ് മെഷീൻ മാത്രമാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇതിൽ ദുരൂഹത ഉള്ളതായി ആരോപിച്ച് പരിസരവാസികൾ തടഞ്ഞതാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ നഗരസഭ നിറുത്തിവച്ചതത്രേ. അതേ സമയം യൂണിറ്റ് തുടങ്ങുന്നതിന് മുൻപായി സ്ഥലത്തെ ഗ്രാമ സഭ ചേർന്ന് പദ്ധതിയെ കുറിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി സാദ്ധ്യതാ പഠനം നടത്തിയിരുന്നെങ്കിൽ ഒരു പക്ഷെ നഗരസഭക്ക് ഈ ഗതികേട് വരില്ലായിരുന്നു. നാട്ടുകാർ എതിർത്താൻ പദ്ധതി വേണ്ടെന്ന് വക്കാം. എതിർപ്പില്ലെങ്കിൽ നടപ്പാക്കാം. ഈ നഷ്ടം വരില്ലായിരുന്നു.