sathyam-mla

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ മണമ്പൂർ വില്ലേജിലുൾപ്പെട്ട തൊട്ടിക്കല്ല്, തൈവിളാകം പ്രദേശത്തെ 93 കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സത്യൻ എം.എൽ.എ അറിയിച്ചു. ഇതിന് വേണ്ടി ചുമതലപ്പെടുത്തിയ പ്രത്യേക ടീം ഭൂമി അളന്നു തിട്ടപ്പെടുത്തി നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു. ഈ കുടുംബങ്ങൾ താമസിച്ചിരുന്ന ഭൂമി മിച്ചഭൂമിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രയവിക്രയങ്ങൾ നടത്താനാവാതെയും, കരം തീർക്കാനാകാതെയും, വസ്തു കൈമാറ്റം ചെയ്യാനാകാതെയും ബുദ്ധിമുട്ടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സബ്മിഷനായി ഈ വിഷയം എം.എൽ.എ ഉന്നയിച്ചിരുന്നു. തുടർന്ന് കളക്ടർ ഇടപ്പെട്ടതോടെയാണ്‌ കാര്യങ്ങൾ വേഗത്തിലായത്. തഹസിൽദാർ, ഡെപ്യൂട്ടി സെക്രട്ടറി, സർവേയർമാർ അടങ്ങിയ സംഘം കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രവർത്തനഫലമായി 15 ഏക്കർ ,85 സെന്റ് സ്ഥലം മിച്ചഭൂമിയായി രേഖപ്പെടുത്തിയതായി കണ്ടെത്തി.

തുടർന്നാണ് സ്കെച്ച് തയ്യാറാക്കി 93 പേർക്ക് ഭൂമിയുടെ കൈവശാവകാശം നൽകി ഭൂമി അളന്ന് തിട്ടപ്പെടുത്തി പട്ടയം നൽകാനുള്ള നടപടികൾ തുടങ്ങിയത്. ഇതു സംബന്ധിച്ച് എം.എൽ.എ വിളിച്ച് ചേർത്ത യോഗത്തിൽ വർക്കല ഭൂരേഖ തഹസിൽദാർ സുജാത വർഗീസ്, ഡെപ്യൂട്ടി തഹസിൽദാർ അജിത്ത് കുമാർ, ഹെഡ് സർവേയർ സന്തോഷ്, വില്ലേജ് ഓഫിസർ ഉദയകുമാർ, പഞ്ചായത്തംഗം നജുമ എന്നിവർ പങ്കെടുത്തു.

ചിത്രം: മണമ്പൂർ പഞ്ചായത്തിലെ മിച്ചഭൂമിയി സന്ദർശിച്ച് സത്യൻ എം.എൽ.എയും, ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നു