ബംഗളൂരു: കിടപ്പുരോഗിയായ ഭർത്താവിനേക്കാൾ മുൻപ് മരിക്കാനായി എൺപത്തിരണ്ടുകാരി നിരാഹാരം കിടന്നു. ഒടുവിൽ ഒരേ ദിവസം ഇരുവരും മരണത്തിനു കീഴടങ്ങി. കർണാടകയിൽ ഗുണ്ടൂർ ജില്ലയിലെ ഗോവാഡ സ്വദേശികളായ അഞ്ജനാ ദേവി,ഭർത്താവ് എൺപത്തഞ്ചുകാരനായ കോദണ്ഡരാമ ശർമ എന്നിവരാണ് മരണത്തിലും ഒന്നിച്ചത്. ഇരുപതുദിവസമാണ് അഞ്ജനാ ദേവി നിരാഹാരം കിടന്നത്. 60 വർഷത്തിലേറെ നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും ഒരേ ദിവസം യാത്രയായത്.
പൂജാരിയായിരുന്ന ശർമ പ്രായത്തിന്റേതായ പ്രശ്നങ്ങളെത്തുടർന്ന് ആറുമാസം മുമ്പാണ് കിടപ്പായത്. ചികിത്സിച്ചെങ്കിലും കാര്യമുണ്ടായില്ല. ഭർത്താവ് കിടപ്പിലായതോടെ അഞ്ജനാ ദേവി കടുത്ത വിഷമത്തിലായി. ഇതിനെത്തുടർന്നാണ് ആഹാരം ഉപേക്ഷിച്ച് ഭർത്താവിനുമുമ്പേ ജീവനുപേക്ഷിക്കാൻ അവർ തീരുമാനിച്ചത്. ഭക്ഷണം കഴിക്കാതെ അവശയായ അഞ്ജനാദേവിയെ മകനും മരുമകളും ബലം പ്രയോഗിച്ച് ആഹാരം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ അവരുടെ ആരോഗ്യനില തീർത്തുംമോശമായി.
ഇതിനിടെ കോദണ്ഡരാമ ശർമ അബോധാവസ്ഥയിലായി. പിറ്റേന്ന് അർദ്ധരാത്രിയായതോടെ അഞ്ജനാ ദേവി മരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ കോദണ്ഡരാമ ശർമയ്ക്ക് ബോധം വീണ്ടുകിട്ടി. ഭാര്യ മരിച്ചെന്ന വാർത്ത കേട്ടതോടെ അദ്ദേഹം പൊട്ടിക്കരഞ്ഞുവെന്നും അല്പം കഴിഞ്ഞതോടെ മരിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കൾ പറയുന്നത്.