വെള്ളനാട്: പൂജപ്പുര ഹെഡ് പോസ്റ്റോഫീനിലെ ജീവനക്കാരന്റെ ദേഹത്ത് തെങ്ങ് വീണ് ഗുരുതരമായ പരിക്കേറ്റു. വെള്ളനാട് സ്വദേശി കെ. ചന്ദ്രബാബുവിനാണ് പരിക്കേറ്റത്. കഴിഞ്ഞ 5ന് വൈകിട്ട് അഞ്ചരയോടെ മുളയറയിൽ നിന്നും വെള്ളനാട്ടേക്കുള്ള വഴിയിൽ ഭഗവതിപുരം കരുനെല്ലിയോട് തോട്ടിൽ ഹിറ്റാച്ചി ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നതിനിടയിൽ തോട്ടിന്റെ കരയിൽ നിന്ന ഉണക്ക തെങ്ങ് ഹിറ്റാച്ചി തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന ചന്ദ്രബാബുവിന്റെ ദേഹത്തേക്ക് തെങ്ങ് പതിച്ചു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് നിസ്സാര പരുക്കേൽകുകയും ഒരു കൈ ഒടിയുകയും നെഞ്ചിന് മാരകമായ മുറിവേൽക്കുകയും ചെയ്തു.

തെങ്ങ് മുറിച്ചപ്പോൾ റോഡിന്റ യാതോരു സിഗ്നലും കാണിച്ചില്ലെന്ന് ചന്ദ്രബാബു അരുവിക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അപകടം പറ്റിയപ്പോൾ കരാറുകാരനോ ജോലിക്കാരൊ ചന്ദ്രബാബുവിനെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എത്തിയാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. തുടർന്ന് ഗുരുതരമായ പരുക്ക് കാരണം ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് സർജറി നടത്തി. അരുവിക്കര പൊലീസിൽ ഇദ്ദേഹം പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് തയാറായില്ലെന്നും പരാതിയിൽ പറയുന്നു. പൊലീസിന്റെ ഭാഗത്തു നിന്ന് നീതി ലഭിക്കാത്തതിനാൽഡി.ജി.പിയ്ക്ക് പരാതി നൽകാനും നീതി ലഭിക്കുന്നതുവരെ അരുവിക്കര പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും ചന്ദ്രബാബു അറിയിച്ചു.