sivagiri-smadhi-photo-

വർക്കല : ശിവഗിരി തീ‌ർത്ഥാടനത്തോട് അനുബന്ധിച്ച് ഗുരുധർമ്മ പ്രചരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിൽ നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടന പദയാത്ര നടത്തുo. ഡിസംബർ 28ന് പുറപ്പെടുന്ന പദയാത്ര 31ന് മഹാ സമാധിയിൽ സമാപിക്കും പദയാത്ര കടന്നുപോകുന്ന 50 പ്രധാന കേന്ദ്രങ്ങളിൽ വിളംബര സമ്മേളനം നടത്തും.

അഞ്ഞൂറിലധികം പീതാംബരധാരികൾ പദയാത്രയിൽ അണിനിരക്കും. ആർ ശങ്കറുടെയും ശ്രീനാരായണ ഗുരുദേവന്റെയും പ്രതിമകൾ സ്ഥാപിച്ച രഥം, ഗായകസംഘം, ബാൻഡ് മേളം എന്നിവ പദയാത്രയ്‌ക്കൊപ്പമുണ്ടാകും. വർക്കലയിൽ നടന്ന പ്രചരണസംഘം സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന ചെയർമാൻ എഴുകോൺ രാജ് മോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി സ്വാമിനാഥൻ പദയാത്രയെ കുറിച്ച് വിശദീകരിച്ചു. 101 പേരടങ്ങുന്ന സ്വാഗതസംഘവും രൂപീകരിച്ചു.

എഴുകോൺ രാജ് മോഹനെ ചെയർമാനായും ഓടനാവട്ടം എം.ഹരീന്ദ്രനെ വൈസ് ചെയർമാനായും ബി സ്വാമിനാഥനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എസ്.ശാന്തിനി (ജോയിന്റ് കൺവീനർ), വർക്കല മോഹൻദാസ് (കോ- ഓഡിനേറ്റർ), പരവൂർ ജി മോഹൻലാൽ (രക്ഷാധികാരി), കാരിയറ രാജീവ്, ഇടമൺ രതി സുരേഷ് (ഉപ ക്യാപ്റ്റന്മാർ).