കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് 2018 - 19 ക്ഷേമ പദ്ധതികളിലുൾപ്പെടുത്തി വൃദ്ധർക്കും, വികലാംഗർക്കുമുള്ള ഉന്തുവണ്ടി വിതരണം, വൃദ്ധർക്ക് കട്ടിൽ വിതരണം തുടങ്ങിയ പദ്ധതികളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ആക്ഷേപം. 22 വാർഡുകളുള്ള പഞ്ചായത്തിൽ ഓരോ വാർഡിലും 2 പേർക്കുവീതം കിട്ടത്തക്ക നിലയിലാണ് ചെറുകിട കച്ചവടത്തിനായി ഉന്തുവണ്ടി വിതരണം നടപ്പാക്കിയത്. പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി വിഭാഗത്തിന് ചെറു കച്ചവടം നടത്തി ജീവിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. എന്നാൽ അനർഹർക്ക് വിതരണം ചെയ്തത് കാരണം ഉന്തുവണ്ടികൾ ഇവർ നിസാര വിലയ്ക്ക് മറിച്ചു വിൽക്കുകയും പദ്ധതി താളം തെറ്റുകയും ചെയ്തു. അപൂർവം ചിലർ മാത്രമാണ് ഉന്തുവണ്ടികൾ ഉപയോഗിച്ച് കച്ചവടം നടത്തുന്നത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വൃദ്ധജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തതിലും വ്യാപകമായ പരാതി ഉയർന്നിരിക്കുകയാണ്. അർഹരായ ഗുണഭോക്താക്കളെ അവഗണിച്ച് കൊണ്ട് വാർഡു മെമ്പർമാർക്ക് താല്പര്യമുള്ളവർക്ക് മാത്രം കട്ടിലുകൾ വിതരണം ചെയ്തെന്നാണ് വിമർശനം. അറുപത് കഴിഞ്ഞ ദരിദ്രരായ പട്ടികജാതി വിഭാഗക്കാർക്ക് ലഭിക്കേണ്ട അനുകൂല്യം അനർഹർക്ക് നൽകിയതിൽ നാട്ടുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധമുണ്ട്. ഗ്രാമസഭകളിൽ അവതരിപ്പിച്ച ഗുണഭോക്തൃ ലിസ്റ്റിലുള്ളവർക്കല്ല വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതെന്നാണ് ആക്ഷേപം. അപേക്ഷിച്ചിട്ടുള്ള എല്ലാവരുടെയും പേരുകൾ ഗ്രാമസഭകളിൽ വായിക്കുകയും പിന്നീട് ഗ്രാമസഭ മിനിട്ട്സിൽ അനർഹരുടെയും സ്വന്തം ആൾക്കാരുടെയും പേരുകൾ ഉൾപ്പെടുത്തുകയും ചെയ്തതായാണ് പൊതുജനങ്ങളുടെ പരാതി. പദ്ധതി നിർവഹണത്തിലെ പാളിച്ചകൾ ചൂണ്ടികാട്ടി പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.