കടയ്ക്കാവൂർ.മണനാക്ക് ജംഗ്‌ഷനിൽ അപകടഭീഷണി ഉയർത്തി ഉണങ്ങി നിൽക്കുന്ന ആൽമരക്കൊമ്പ് മുറിച്ചു മാറ്റുന്നില്ല. ഈ ആലിന്റെ ചുവട്ടിലാണ് ഓട്ടോ സ്റ്റാൻഡും ടി.വി കിയോസ്കും സ്ഥിതി ചെയ്യുന്നത്. ടി. വി.കിയോസ്കിന് മുമ്പിൽ നിരവധി ആൾക്കാരാണ് കാഴ്ച്ചക്കാരായെത്തുന്നത്. ശക്തമായ കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞു വീണാൽ ഓട്ടോകൾക്കും ടി.വി കിയോസ്കിനും കേട് സംഭവിക്കും എന്ന് മാത്രമല്ല അനവധി പേരുടെ ജീവനും നഷ്ടം സംഭവിക്കും. പല പരാതികൾ പഞ്ചായത്ത്‌ അധികൃതർക്കും പൊതു മരാമത്തിനും നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.