പൂവാർ: സ്കൂട്ടറിൽ സ്കൂളിലേക്ക് പോവുകയായിരുന്ന കമ്പ്യൂട്ടർ അദ്ധ്യാപിക ടിപ്പർ ലോറി തട്ടി മരിച്ചു. തിരുപുറം പഴയകട ആട്ടോറിക്ഷാ സ്റ്റാൻഡിനു സമീപം വച്ചാണ് അത്യാഹിതം. നെയ്യാറ്റിൻകര അവണാകുഴി സ്വദേശിയും കുളത്തൂർ വിരാലി നെല്ലിക്കോണം കാവുവിള എസ്.എസ് ഭവനിൽ ഗോപകുമാറിന്റെ ഭാര്യയുമായ ബിന്ദു .കെ (37)യാണ് മരിച്ചത്. നെയ്യാറ്റിൻകര ജി.ആർ പബ്ളിക് സ്കൂളിലെ പ്രൈമറി വിഭാഗം കമ്പ്യൂട്ടർ അദ്ധ്യാപികയായിരുന്നു. ഇന്നലെ രാവിലെ 8.30 നായിരുന്നു അപകടം.
നെയ്യാറ്റിൻകര ഭാഗത്തേക്കു വരുംവഴി പഴയകടവച്ച് ഹോളോബ്രിക്സ് കയറ്റിവന്ന ടിപ്പർ ലോറി ബിന്ദുവിന്റെ സ്കൂട്ടർ തട്ടി വീഴ്ത്തുകയായിരുന്നു . ലോറിയെ മറികടക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ലോറിക്കടിയിൽ വീണ ബിന്ദുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ചേർന്നാണ് ലോറിക്കടിയിൽനിന്ന് ബിന്ദുവിനെ പുറത്തെടുത്തത്. ഉടനേ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേതന്നെ മരണം സംഭവിച്ചിരുന്നതായി പൊലീസ് കരുതുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇന്നലെ വൈകുന്നേരത്തോടെ നെല്ലിക്കോണത്ത് ഭർത്താവിന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഡ്രൈവറെയും ടിപ്പറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ഗോപകുമാർ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനാണ്. മക്കളായ ദേവികയും ഗോപികയും നെല്ലിമൂട് കോൺവെന്റിൽ 10 ലും 7 ലും പഠിക്കുന്നു.