തിരുവനന്തപുരം: നാടൻപാട്ടിൽ അരങ്ങ് കൈയടക്കി നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ജി.എച്ച്.എസിലെ പെൺകുട്ടികൾ. 13 ടീമുകൾ മത്സരിച്ചതിൽ അഞ്ച് ടീമുകൾക്ക് എ ഗ്രേഡ് ലഭിച്ചു.
മൺപാത്ര നിർമാണ സമുദായത്തിന്റെ പരമ്പരാഗത ആഘോഷമായ മാരിയമ്മൻ ഉത്സവത്തിന്റെ സമയത്ത് സംഘം ചേർന്ന് പാടുന്ന 'ശംഖുമു താമരയ്ക്കും" എന്ന പാട്ട് പാടിയാണ് നെല്ലിമൂട്ടിലെ പെൺപുലികൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്ക് ടിക്കറ്റെടുത്തത്.
അതേസമയം മത്സരിച്ച ടീമുകളിലെ 91 പേരിൽ ആൺകുട്ടികളായുണ്ടായിരുന്നത് മൂന്നുപേരായിരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ നാടൻപാട്ടുകളായിരുന്നു ടീമുകൾ അവതരിപ്പിച്ചത്. പല ടീമുകളും യൂ ട്യൂബിൽ നിന്ന് പാട്ടുകൾ കേട്ടെഴുതിയതിനാൽ തന്നെ വാക്കുകൾ തെറ്റായാണ് ഉച്ചരിച്ചതെന്ന് വിധികർത്താക്കൾ പറഞ്ഞു. മാത്രമല്ല, പല ടീമുകളും വാദ്യോപകരണങ്ങളുടെ സഹായമില്ലാതെയാണ് പാട്ടുകൾ അവതരിപ്പിച്ചതും. നാടൻപാട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രാധാന്യമുള്ള പാട്ടുകൾ തിരഞ്ഞെടുക്കണമെന്ന് നിർദ്ദേശിച്ച വിധികർത്താക്കൾ, വാദ്യോപകരണങ്ങൾക്കുള്ള പങ്ക് സുപ്രധാനമാണെന്നും ചൂണ്ടിക്കാട്ടി. വാദ്യോപകരണങ്ങൾക്ക് മാത്രം 20 മാർക്കാണുള്ളത്. ഈ മത്സരത്തിൽ വാദ്യോപകരണങ്ങൾ ഇല്ലെന്നതു കൊണ്ടുതന്നെ ആകെ 80ലാണ് മാർക്ക് നിശ്ചയിക്കേണ്ടി വന്നതെന്നും അവർ പറഞ്ഞു.