കല്ലമ്പലം: ഞെക്കാട് കുന്നത്തുമല ഭവാനി ജംഗ്ഷനിൽ മോഷണവും, മോഷണ ശ്രമവും. ചെമ്മരുതി പഞ്ചായത്തിലെ എട്ടാം വാർഡിൽ ഡി.എസ് കോട്ടേജിൽ എ. ദേവദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. 48 റബ്ബർ ഷീറ്റുകളാണ് മോഷണം പോയത്. രണ്ട് മാസം മുമ്പ് രണ്ട് തവണയായി 7000 രൂപ വിലവരുന്ന സൂട്ടി ഇനത്തിൽപ്പെട്ട 4 പ്രാവുകളെയും, 8 കോഴികളെയും ഇവിടെനിന്നും മോഷ്ടാക്കൾ കവർന്നിരുന്നു. പ്രദേശത്ത് പലവീടുകളിലും അടിക്കടി മോഷണവും മോഷണ ശ്രമവും നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റബർ ഷീറ്റുകളും, കോഴികളുമാണ് അധികവും മോഷണം പോകുന്നത്. മോഷ്ടാക്കൾ വീടുകളുടെ പരിസരത്ത് രാത്രികാലങ്ങളിൽ പതുങ്ങിനിൽക്കുന്നതായും നാട്ടുകാർ പറയുന്നു. ദേവദാസൻ കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ഊർജിതപ്പെടുത്തി.