o-rajagopal

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ഒ.രാജഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു. കെ .എസ്. ടി സംഘ് ഭാരവാഹികളോടൊപ്പം മുഖ്യമന്ത്രിയെ കണ്ടു നിവേദനം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കിയതോടു കൂടി കെ.എസ്.ആ.ർ.ടി.സിയുടെ പ്രവർത്തനം തകിടം മറിഞ്ഞു. മലയോര, ഗ്രാമീണ മേഖലകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ക്രമേണ പിൻ വാങ്ങുകയാണ്. ഇതോടെ ഈ മേഖലകൾ സ്വകാര്യ മേഖലയുടെ പിടിയിലാകും. നിലവിൽ ശമ്പളം പോലും നൽകാൻ സാധിക്കാത്ത കോർപ്പറേഷൻ ഇതോടെ അടച്ചു പൂട്ടേണ്ടതായി വരും. ഒക്ടോബർ മാസത്തെ ശമ്പളം പോലും ഇതുവരെയും പൂർണ്ണമായും നൽകാൻ സാധിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാർ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു.കോർപ്പറേഷന്റെ ഭരണ സംവിധാനം ആകെ പരാജയപ്പെട്ടു.അതിനാൽ പൊതുഗതാഗതം കാര്യക്ഷമമാക്കാൻ കെ .എസ് .ആർ. ടി .സിയെ സർക്കാർ ഏറ്റെടുക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ .എസ്. ടി സംഘ് ഭാരവാഹികളായ ജി.കെ. അജിത്, കെ.എൽ. രാജേഷ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.