തിരുവനന്തപുരം: സർഫാസി നിയമത്തിന്റെ പേരിലുള്ള ജനദ്രോഹ നടപടികൾ തടയാൻ ശക്തമായ നിയമനിർമ്മാണം വേണമെന്ന് ഇതേക്കുറിച്ചു പഠിച്ച എസ്. ശർമ്മ അദ്ധ്യക്ഷനായ നിയമസഭാസമിതി ശുപാർശ ചെയ്തു.
സർഫാസി നിയമം മൂലം ജനങ്ങൾക്ക് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായ സാഹചര്യത്തിലാണ് മുൻ സ്പീക്കർ കൂടിയായ വി.എം. സുധീരന്റെ ആവശ്യപ്രകാരം വിഷയം പഠിക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ട് ശർമ്മയുടെ അഭാവത്തിൽ അംഗം കെ. സുരേഷ് കുറുപ്പ് ഇന്നലെ സഭയിൽ സമർപ്പിച്ചു.
കർഷകരെടുത്ത കടങ്ങളെല്ലാം കാർഷികകടങ്ങളായി കാണണമെന്നും അവയെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും സമിതി നിർദ്ദേശിച്ചു. വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം നിശ്ചിത കാലയളവിനുള്ളിൽ ജോലി ലഭിക്കാത്തതിനാൽ തിരിച്ചടവ് മുടങ്ങിയവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനോ, തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കാനോ കേന്ദ്രത്തോട് ആവശ്യപ്പെടണം.
വായ്പയുടെ പേരിൽ സർഫാസി പ്രകാരം ഭൂമി നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന പാവപ്പെട്ട പട്ടിക വിഭാഗക്കാരുടെ കടം സർക്കാർ തിരിച്ചടച്ച് ജപ്തിനടപടി ഒഴിവാക്കാൻ ശ്രമിക്കണം. സഹകരണ ബാങ്കുകളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ശുപാർശയിൽ പറയുന്നു. ബാങ്കുകളുടെ വായ്പാ അപേക്ഷ പ്രാദേശിക ഭാഷകളിലൂടെയാക്കണം. ഒരു വർഷത്തിനു ശേഷവും തിരിച്ചടവിൽ കുടിശ്ശിക വരുത്തുന്ന വായ്പക്കാരിൽ മാത്രമേ സർഫാസി പ്രകാരം നടപടികളാരംഭിക്കാവൂ.
കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത്:
1. നിയമം ബാധകമാകുന്നത് പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്കു മാത്രമാക്കണം
2.വായ്പകളുടെ മൂന്നിൽ രണ്ട് ഗഡുക്കൾ തിരിച്ചടച്ചിട്ടുണ്ടെങ്കിൽ ബാക്കി തുക സർഫാസി നിയമത്തിൽ നിന്നൊഴിവാക്കണം.
3. പരാതികൾ ബാങ്കിംഗ് ഓംബുഡ്സ്‌മാൻ പരിഗണിക്കണം.
4 കുടിശ്ശികക്കാരെ ഗുണ്ടകളെ വിട്ട് പീഡിപ്പിക്കുന്നത് തടയാൻ നിയമ നിർമ്മാണം.
കേരളം ചെയ്യേണ്ടത്
1. സർഫാസി കുരുക്കിൽ പെട്ടവർക്ക് നിയമസഹായത്തിന് ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് സൗജന്യ സംവിധാനം
2. പട്ടിക വിഭാഗങ്ങൾ ഇടനിലക്കാരുടെ ഇടപെടൽ മൂലം ചതിയിൽപ്പെടുന്നത് തടയാൻ ക്രെഡിറ്റ് കൗൺസലിംഗ് സെന്ററുകൾ വേണം
3. കുടിശ്ശികക്കാരുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോയും വിലാസവും പരസ്യപ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതാ ലംഘനമായി കാണണം.
4. ഇങ്ങനെ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ നടപടി വേണം.