kerala-assembly
KERALA ASSEMBLY

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ആദായനികുതി ഇളവ് ലഭ്യമാക്കുന്നതിന് കേന്ദ്ര ആദായ നികുതി നിയമത്തിൽ മാ​റ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി.

പ്രാഥമിക സംഘങ്ങൾക്ക് ആദായനികുതി നിയമം 80 (പി) പ്രകാരമുള്ള നികുതി കിഴിവ് ഉപാധി രഹിതമായി അനുവദിക്കണമെന്നും 194 എൻ എന്ന വകുപ്പിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം മന്ത്രി കടകംപള്ളിസുരേന്ദ്രനാണ് അവതരിപ്പിച്ചത്.

കേന്ദ്ര ആദായനികുതി നിയമത്തിൽ, ഒരു സാമ്പത്തിക വർഷം ഒരു കോടിയിലധികം രൂപ കറൻസിയായി ബാങ്കുകളിൽ നിന്നും പിൻവലിച്ചാൽ രണ്ട് ശതമാനം നികുതി (ടി.ഡി.എസ്)സ്രോതസിൽ ഈടാക്കണമെന്ന് വ്യവസ്ഥയുണ്ട്. നിയന്ത്റിതമായി നിക്ഷേപ-വായ്പാ പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ ഒരു സാമ്പത്തിക വർഷം ഒരു കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടത്തുന്നുണ്ട്. അത്തരം ഇടപാടുകൾക്ക് രണ്ട് ശതമാനം ടി.ഡി.എസ് ഈടാക്കുന്നത് സംഘങ്ങളുടെ പ്രവർത്തന മൂലധനത്തെ സാരമായി ബാധിക്കും. വായ്പേതര സംഘങ്ങൾക്ക് ഈ നിയമം ദൈനംദിന ഇടപാടുകൾക്ക് വിഘാതം സൃഷ്ടിക്കും. കേന്ദ്ര ആദായനികുതി നിയമഭേദഗതികളും നിയമ നിഷേധ നടപടികളും സംസ്ഥാന താൽപര്യങ്ങളെ ഹനിക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു.