വിതുര: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള പ്രധാന റോഡായ നെടുമങ്ങാട്-വിതുര - പൊന്മുടി റോഡ് നവീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. പൊന്മുടി റോഡ് ആധുനിക നിലവാരത്തിൽ ഉയർത്തണമെന്നാവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
പൊൻമുടി-വിതുര-നെടുമങ്ങാട് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചും, ഈ പാതയിലെ അപകടമരണങ്ങളെക്കുറിച്ചും കേരളകൗമുദി കഴിഞ്ഞ 17ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശബരീനാഥൻ പ്രശ്നം നിയമസഭയിൽ ഉന്നയിച്ചത്. സംസ്ഥാനപാതയാണെങ്കിലും ചുള്ളിമാനൂർ മുതൽ പൊന്മുടി വരെയുള്ള മിക്ക ഭാഗങ്ങളിലും റോഡ് തകർന്ന അവസ്ഥയിലാണ്.
അവധി ദിവസങ്ങളിൽ ആയിരത്തിലധികം വാഹനങ്ങൾ പൊൻമുടിയിലെത്താനുപയോഗിക്കുന്ന ഈ റോഡ് പ്രഥമ പരിഗണന നൽകി നവീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എൽ.എ സബ്മിഷൻ അവതരിപ്പിച്ചത്. ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ജി. സുധാകരൻ മറുപടി നൽകി. റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി സർക്കാരിന്റെ പുതിയ പദ്ധതിയായ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കെ.എസ്.ടി.പി മുഖേന കൺസൾട്ടൻസിയെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ നൂതന സാങ്കേതിക വിദ്യയായ തിൻ വൈറ്റ് ടോപ്പിംഗ് എന്ന പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്യുന്ന റോഡുകളുടെ കൂട്ടത്തിൽ ഈ റോഡും ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡ് പുനർനിർമ്മിച്ചിട്ട് വർഷങ്ങളായെന്നും താത്കാലിക നവീകരണ പ്രവൃത്തികളെക്കാൾ ശാശ്വതമായ പരിഹാര നടപടികളാണ് വേണ്ടതെന്നും എം.എൽ.എ പറഞ്ഞു.