തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ മൂന്നാം നാളിലും വേദിയെ ചൊല്ലിയുള്ള പൊല്ലാപ്പുകൾ ഒഴിഞ്ഞില്ല. ഇന്നലെ കോൽക്കളിക്കായി സംഘാടകർ ഒരുക്കിയ സെൻട്രൽ സ്കൂളിലെ വേദി കണ്ട് മത്സരാർത്ഥികൾ പിന്മാറി. ടൈൽസ് ഇട്ട വേദിയിൽ തറപ്പായ വിരിച്ച നിലയിലായിരുന്നു വേദി. മത്സരാർത്ഥികൾ സ്റ്റേജിൽ കയറാൻ വിസമ്മതിച്ചതോടെ സംഘാടകർ വെട്ടിലായി. വേദി മാറ്റിയെങ്കിലും പകരം എവിടെ നടത്തുമെന്ന കാര്യത്തിൽ സംഘാടകർക്കും ഉറപ്പ് പറയാനായില്ല. ഒടുവിൽ നാലാം വേദിയിലെ മത്സരങ്ങൾ കഴിഞ്ഞശേഷം കോൽക്കളി അങ്ങോട്ട് മാറ്റി.
രാവിലെ ഒൻപതിന് തുടങ്ങുന്ന മത്സരത്തിനായി വേഷമണിഞ്ഞ് വിദ്യാർത്ഥികളെത്തിയപ്പോഴാണ് സ്റ്റേജിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ടൈൽസിട്ട തറയിൽ മാറ്റ് വിരിച്ചതിനാൽ ഓടിക്കളിച്ചാൽ തെന്നിവീഴും. കോൽക്കളിയിൽ ഓടിക്കളി പ്രധാനവുമാണ്. വേദി മാറ്റുന്ന പ്രശ്നമില്ലെന്ന നിലപാടായിരുന്നു ആദ്യം സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായത്. വേദിയിൽ കയറില്ലെന്ന് മത്സരാർത്ഥികൾ ഉറപ്പിച്ചു പറഞ്ഞു. കൂടുതൽ ടീമുകൾ വിയോജിപ്പുമായി എത്തിയതോടെ സ്ഥിതി വീണ്ടും വഷളായി. ഇതോടെ കോൽക്കളി മത്സരം മാറ്റിവച്ച് അടുത്ത ഇനമായി ദഫ്‌മുട്ടിന് ടീമുകളെ ക്ഷണിക്കുകയായിരുന്നു. പിന്നീട് വേദി മാറ്റിക്കൊണ്ടുള്ള അറിയിപ്പെത്തി.