തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിന് കുടുംബശ്രീ സമർപ്പിച്ച 250 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. രണ്ടു ലക്ഷം പേർക്ക് ദുരിതാശ്വാസ സഹായം, 1.6 ലക്ഷം കുടുംബങ്ങൾക്ക് ഉപജീവന മാർഗം എന്നിവയാണ് നടപ്പാക്കുന്നത്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 45 കോടി രൂപ ചെലവഴിക്കും. 1000 സംഘകൃഷി ഗ്രൂപ്പുകൾക്ക് ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ടും 25000 അയൽക്കൂട്ടങ്ങൾക്ക് വൾണറബിലിറ്റി റിഡക്‌ഷൻ ഫണ്ടുമാണ് നൽകുക. ഇതിലൂടെ രണ്ടു ലക്ഷം ആളുകൾക്ക് സഹായമെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
പതിനായിരം പേർക്ക് നൈപുണ്യ പരിശീലനം നൽകും. ഇത്രയും പേർക്ക് ഇലക്ട്രിക്കൽ, പ്ലംബിംഗ് മേഖലയിലും പരിശീലനം നൽകി തൊഴിൽ ഗ്രൂപ്പുകൾ രൂപീകരിക്കും. എല്ലാ ജില്ലയിലും സ്റ്റാർട്ടപ് വില്ലേജിനായി 70 കോടി രൂപ വകയിരുത്തി. 600 സി.ഡി.എസുകൾക്ക് സംരംഭങ്ങൾ തുടങ്ങാൻ വായ്പയും നൽകും.
കോഴി വളർത്തൽ
22 കോടി: ബ്രീഡർ ഫാമുകൾക്ക്
8 കോടി: മുട്ടയുടെ വാല്യൂ ചെയിനിന്
'ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. തുക ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കും".
എസ്. ഹരികിഷോർ,
കുടംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ