വിതുര: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടകമത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് 'പെൺകുട്ടി'. പൈലിയെന്ന പുരുഷ കഥാപാത്രത്തെ വേദിയിൽ തന്മയത്വത്തോടെ അവതരിപ്പിച്ചത് പെൺകുട്ടിയാണെന്ന് വിധി കർത്താക്കൾക്കുപോലും പിടികിട്ടിയില്ല. മികച്ച പ്രകടനം കാഴ്ചവച്ച ഏഴാം ക്ലാസ് വിദ്യാർഥിനി എസ്.എസ്. പാർവതി ‘മികച്ച നടനാ’യി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ കലോത്സവ ചരിത്രത്തിൽ സംഭവിക്കുന്ന ‘അപൂർവത’യുടെ ചുവട് പിടിച്ച് വിതുര ഗവ. യു.പി.എസിലെ നാടക സംഘത്തിന് യുപി വിഭാഗം ജില്ലാ കലോത്സവ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. രാജേന്ദ്രൻ കോഴിക്കോട്, ശിവദാസ് പൊയിൽകാവ് എന്നിവരുടെ രചനയിൽ ഷാ മുഹമ്മദ് വംശ സംവിധാനം ചെയ്ത ‘പച്ച പ്ലാവില’ എന്ന നാടകമാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. അന്നമ്മ ചേട്ടത്തിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആർ.ആർ. ദയ മികച്ച നടിക്കുള്ള അംഗീകാരം കൂടി നേടിയതോടെ നേട്ടം പൂർണമായി. അമേരിക്കയിൽ സ്ഥിര താമസമാക്കിയ പീറ്റർ കുഞ്ഞിനെ ഓർത്തു നാട്ടിൽ കഴിയുന്ന അമ്മ അന്നമ്മ ചേട്ടത്തിയുടെ ജീവിതാവിഷ്കാരമാണ് നാടകം. അന്നമ്മ ചേട്ടത്തിയും വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയായ മണിക്കുട്ടിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ കൂടിയാണ് നാടകം. നാടകത്തിന് വേണ്ടി കുട്ടികൾ ചവിട്ടു നാടകം പഠിച്ചിരുന്നു. പാർവതിയെയും ദയയെയും കൂടാതെ അനന്യ, അഖിലേഷ്, ആനന്ദ്, സയോന, പൂജ, രുദ്ര, സഞ്ചന, കീർത്തന എന്നിവരും നാടക സംഘത്തിലുണ്ടായിരുന്നു. ഇതു രണ്ടാം തവണയാണ് വിതുര സ്കൂൾ ജില്ലാ തല യു.പി നാടക മത്സരത്തിൽ ഒന്നാമതെത്തുന്നത്.