sura

മുടപുരം:കായൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് അഴൂർ കടവിൽ കുട്ടികളുടെ പാർക്കും വിശ്രമ കേന്ദ്രവും നിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നു.അഴൂരിനും മാടൻവിളയ്ക്കും മദ്ധ്യേ ഒഴുകുന്ന കഠിനം കുളം കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന അഴൂർ കടവ് പാലത്തിന് താഴെയുള്ള ഒരുഹെക്ടറിലേറെ വിസ്തൃതിയുള്ള സ്ഥലത്താണ് വിനോദസഞ്ചാരികൾക്ക് ഉതകുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. കായൽ പുറംപോക്കും ഇതിന് പ്രയോജനപ്പെടുത്താം . ഇതുവഴി കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആഘർഷിക്കുന്നതിനും ഇപ്പോൾ എത്തുന്നവരെ സഹായിക്കുന്നതിനും ഈ അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്. 2009 -ൽ പാലം ഉദ്‌ഘാടനം ചെയ്തതിനു ശേഷം കായൽ കാഴ്ചകളും മറ്റും ആസ്വദിക്കാൻ വൈകുന്നേരം നൂറുകണക്കിന് സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.എന്നാൽ അവർക്ക് ഇരിക്കാനോ സൗകര്യപ്രദമായി കാഴ്ചകൾ കാണാനോ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറായാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാം. ഇതുവഴി നാട്ടുകാർക്ക് കൂടുതൽ തൊഴിൽ അവസരവും കച്ചവട സാദ്ധ്യതയും തുറന്നു കിട്ടുകയും ചെയ്യും.വൈകുന്നേരം വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെങ്കിലും രാവിലെ മത്സ്യ വിപണനവും കടവിൽ നടക്കുന്നുണ്ട്. കടലിൽനിന്നും കായലിൽനിന്നും പിടിക്കുന്ന മത്സ്യങ്ങളുമായി ബോട്ടും വള്ളങ്ങളിലും ഇവിടെ എത്തുന്നുണ്ട്.ബോട്ടിൽ എത്തുന്ന മത്സ്യം മൊത്തമായി വിപണനം ചെയ്ത് മറ്റു വാഹനങ്ങളിൽ കൊണ്ട് പോകും.വള്ളങ്ങളിൽ കൊണ്ടുവരുന്ന മത്സ്യങ്ങൾ ചില്ലറയായി നാട്ടുകാർക്ക് വാങ്ങാനും സൗകര്യമുണ്ട്.