തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷം കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ തീവ്രതയും ദുഃഖവും വേദിയിൽ നിറഞ്ഞപ്പോൾ മൂകാഭിനയ മത്സരം കാണാനെത്തിയ സദസും നിശബ്ദമായി. പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പ്രളയത്തിന്റെ തീവ്രത ഒട്ടും ചോരാതെ കലോത്സവ വേദിയിലെത്തിച്ച് പ്രേക്ഷകരുടെ കൈയടി നേടിയത്. അഞ്ച് മിനിട്ടിനുള്ളിൽ കേരളത്തെ തകർത്തെറിഞ്ഞ ദുരന്തത്തെ പച്ചയായി വരച്ചുകാട്ടാൻ സംഘത്തിനായി. സ്വജീവൻ പണയം വച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനവും ജെയ്സൽ എന്ന മത്സ്യത്തൊഴിലാളി യുവാവ് തന്റെ മുതുക് ചവിട്ടുപടിയായി നൽകിയതുമൊക്ക വേദിയിലെത്തി. ഹയർസെക്കൻഡറി വിദ്യാർത്ഥികളായ അശ്വതി, ഗായത്രി, ആരഭി, ആമിന, ഗൗരി, അഭിരാമി എന്നിവരാണ് ഒന്നാംസ്ഥാനം നേടിയ സംഘത്തിലുണ്ടായിരുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, വാളയാർ പെൺകുട്ടികളുടെ ദുരിതം,​ ആധുനിക സമൂഹത്തിന്റെ കാഴ്ചകൾ, ഏതൊന്നിനെയും സ്വാർത്ഥവത്കരിക്കുന്ന സെൽഫി ഭ്രമം, തെരുവുനായകളുടെ കഥ, സർക്കസ് പിന്നാമ്പുറ കാഴ്ചകൾ, ശ്രീ ബുദ്ധന്റെ കഥ, മേരികോമിന്റെ കഥ തുടങ്ങി വാളയാർ സംഭവം വരെ മൂകാഭിനയ വേദിയിൽ നിറഞ്ഞാടി. കുതിര മുതൽ ഹെലികോപ്ടർ വരെ മത്സരാർത്ഥികളുടെ വിവിധ പ്രകടനങ്ങളിൽ രംഗത്തെത്തി.