തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അക്ഷയകേന്ദ്രങ്ങൾ അനുവദിക്കുന്നത് സർക്കാർ തലത്തിലുള്ള പരിശോധനകൾക്ക് ശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് സർക്കാരിന് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും അവ അമിത ഫീസ് ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ്പ്രകാരം അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വേണമെന്ന നിബന്ധനയും അക്ഷയ കേന്ദ്രങ്ങൾക്ക് പരമാവധി എണ്ണം നിശ്ചയിച്ചിരുന്നത് ഒഴിവാക്കുകയും, അക്ഷയ കേന്ദ്രങ്ങൾ തമ്മിലുള്ള കുറഞ്ഞ ദൂരപരിധി ഒന്നര കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ പുതിയവ അനുവദിക്കില്ല. അക്ഷയ സംരംഭകരുമായുള്ള കരാർ കാലാവധി രണ്ടുവർഷമായി തുടരുമെന്നും എൻ. ഷംസുദ്ദീന്റെ സബ്മിഷന് മുഖ്യമന്ത്റി മറുപടി നൽകി.