sree-chithirathirunal-med
SREE CHITRA TIRUNAL MEDICAL CENTRE - THIRUVANANTHAPURAM

തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ രോഗികൾക്ക് ചികിത്സാ ഇളവിന് സർക്കാർ രേഖകൾ നിർബന്ധമാക്കി. രേഖകളുടെ അടിസ്ഥാനത്തിലാണ് ഡിസംബർ മുതൽ രോഗികളെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ചികിത്സാ ചെലവിൽ ഇളവ് നൽകുന്നത്. നിലവിൽ ആശുപത്രിയിൽ നിന്ന് നൽകുന്ന ചോദ്യാവലിക്ക് രോഗികൾ നൽകുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവ് നൽകുന്നത്.

ബി.പി.എൽ വിഭാഗക്കാരെ രേഖകളുടെ അടിസ്ഥാനത്തിൽ എ,ബി എന്നിങ്ങനെ രണ്ടായി തരംതിരിക്കും.

എ കാറ്റഗറിയിൽ ഉൾപ്പെടുന്ന നിരാലംബരായവർക്ക് ചികിത്സ സൗജന്യവും മറ്റുള്ളവർക്ക് 30ശതമാനം ഇളവും നൽകും. എ.പി.എൽ വിഭാഗക്കാർ ചികിത്സാ സൗജന്യം ആവശ്യമില്ലാത്തവർ, വിദേശികൾ മുതലായവർ ചികിത്സാ ചെലവ് പൂർണ്ണമായും വഹിക്കണം. ഇവരെ കാറ്റഗറി ഡി-യിൽ ഉൾപ്പെടുത്തും. മെഡിക്കൽ റീഇംബേഴ്സ്‌മെന്റ്, ഇൻഷ്വറൻസ് പരിരക്ഷ എന്നിവയുള്ള ബി.പി.എൽ കാർഡ് ഉടമകളും കാറ്റഗറി ഡിയിൽപ്പെടും. രോഗികളെ വിവിധ കാറ്റഗറികളായി തരംതിരിക്കുന്നത് അഞ്ച് വർഷത്തേക്ക് പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം വീണ്ടും സാമൂഹിക സാമ്പത്തിക സ്ഥിതി വിലയിരുത്തി കാറ്റഗറിയിൽ മാറ്റം വരുത്തും.

ചികിത്സാ ഇളവിന് വേണ്ട 5രേഖകൾ

1. ഭവനരഹിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം
2. ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തൃതി വ്യക്തമാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം
3.വിധവാ സർട്ടിഫിക്കറ്റ്
4. കുടുംബത്തിലുള്ള മാറാരോഗിയുടെ ചികിത്സാ രേഖകൾ (ബുദ്ധിമാന്ദ്യം, വികലാംഗർ,കാൻസർ രോഗി,എച്ച്‌.ഐ.വി ബാധിതർ,ഡയാലിസിസിന് വിധേയരാകുന്നവർ,കിടപ്പുരോഗികൾ)
5. പട്ടികജാതി-വർഗ്ഗ സർട്ടിഫിക്കറ്റും സ്ഥിര വരുമാനം ഉളളവർ ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖയും