തിരുവനന്തപുരം: കന്നി ജില്ലാകലോത്സവത്തിൽ നാഗസ്വരം ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അജയ് ദേവ് കുമാർ അച്ഛന്റെ അഭിമാനമായി. തിരുവനന്തപുരം ഭഗവതിനട ക്ഷേത്രത്തിലെ നാഗസ്വര വിദ്വാനായ അജയകുമാറിന്റെ മകനാണ് വെങ്ങാനൂർ വി.പി.എസ്.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ദേവ്. നാലാം ക്ലാസ് മുതൽ അജയ് ദേവ് നാഗസ്വരം അഭ്യസിക്കുന്നുണ്ട്. എന്നാൽ ഇതുവരെ അരങ്ങേറ്റം നടത്തിയില്ല. എന്നിട്ടും സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടാനായതിന്റെ ആഹ്ളാദത്തിലാണ് അജയ് ദേവിന്റെ കുടുംബം. സരസ്വതി ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു ഈണമാണ് നാഗസ്വരത്തിലൂടെ അജയ് ദേവ് വായിച്ചത്.