തിരുവനന്തപുരം: റവന്യൂ ഓഫീസുകളിൽ നിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്ന് വർഷമാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു.
ജാതി സർട്ടിഫിക്കറ്റിന് പ്രത്യേക ആവശ്യം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ സമയപരിധി ഒരു വർഷമാണ്. ഏതെങ്കിലും കോഴ്സിന് വേണ്ടി സമർപ്പിക്കുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന് കോഴ്സ് കഴിയുന്നതുവരെ പ്രാബല്യമുണ്ടാവും. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.വരുമാന സർട്ടിഫിക്കറ്റിന്റെ അസ്സൽ സൂക്ഷിക്കുകയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കുകയും ചെയ്യാം.
വില്ലേജ് ഫയലുകൾ
വേഗം കണ്ടെത്താം
വില്ലേജ് രേഖകൾ സൂക്ഷിക്കാൻ ഒമ്പത് ജില്ലകളിൽ മോഡേൺ റെക്കോർഡ് സെന്ററുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു.ഫയലുകൾ വേഗത്തിൽ കണ്ടെത്താൽ ഇതിലൂടെ സാധിക്കും. വില്ലേജ് രേഖകൾ ഡിജിറ്റലാക്കും. 180 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കും. 71 എണ്ണം പൂർത്തീകരിച്ചിട്ടുണ്ട്. 40 എണ്ണം അന്തിമഘട്ടത്തിലാണ്. വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം പരിഗണനയിലാണ്. സർക്കാരിന്റെ കെ-ഫോൺ സംവിധാനം വരുന്നതോടെ വിവിധ ഇ സർട്ടിഫിക്കറ്റുകൾക്ക് ഇന്റർനെറ്റ് കഫേകളെയും അക്ഷയ സെന്ററുകളെയും ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.
ദേശീയപാതകളിൽ
പൊതു ശുചിമുറി
ദേശീയപാതകളിൽ ദീർഘദൂര യാത്രക്കാർക്കായി നിശ്ചിത ദൂരപരിധിക്കുള്ളിൽ പൊതു ശുചിമുറികൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പോളിടെക്നിക് ഡിപ്ലോമ സിലബസിൽ ഒരു ഇന്റേൺഷിപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. 2020ൽ നടപ്പാക്കുന്ന പുതിയ സിലബസ് പ്രകാരം രണ്ട് ഇന്റേൺഷിപ്പുകൾ നിർബന്ധമാണ്.
ബധിര വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് തയ്യാറാക്കിയ പുസ്തകങ്ങൾ 2020-21 അദ്ധ്യയന വർഷം വിതരണം ചെയ്യുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. സംസ്ഥാനത്ത് ഭൂരഹിതരായ 10944 പട്ടികവർഗക്കാരുള്ളതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.