നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എസ്.ഐ യുടെ ക്വാർട്ടേഴ്സിന് സമീപത്തുകണ്ട മൂർഖനെ സ്നേക്ക് മാസ്റ്റർ വാവ സുരേഷെത്തി പിടികൂടി. ഇന്നലെ രാവിലെയാണ് എസ്.ഐയുടെ ക്വാർട്ടേഴ്സിന് സമീപം പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ വാവ സുരേഷിനെ വിവരം അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ സുരേഷെത്തി ക്വാർട്ടേഴ്സിന്റെ മതിലിനിടയിലുള്ള വിടവിൽനിന്ന് പന്ത്രണ്ട് അടി നീളമുള്ള മൂർഖനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യം നെയ്യാറ്റിൻകര ചെങ്കലിന് സമീപം സ്കൂൾ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ചിരുന്നു. സ്കൂളുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും മതിലിനിടയിലുള്ള കരിങ്കൽ ബേസ്മെന്റുകളിലാണ് സാധാരണ പാമ്പുകൾ മാളമൊരുക്കുന്നത്. അതിനാൽ സ്കൂളും പരിസരവും സർക്കാർ ഓഫീസുകളുടെ പരിസരങ്ങളും ആഴ്ചയിലൊരിക്കലെങ്കിലും ശുചീകരിക്കണമെന്ന് വാവ സുരേഷ് പറഞ്ഞു.