തിരുവനന്തപുരം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ പിന്നിടുമ്പോൾ സൂപ്പർതാരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ- മഴ!. രണ്ടാം നാൾ അര മണിക്കൂർ പെയ്തിറങ്ങി പ്രധാന വേദിയും ഭക്ഷണപ്പുരയുമൊക്കെ ചെളിക്കുളമാക്കിയ മഴ ഇന്നലെ ദ്രുതതാളമായി തുടികൊട്ടി പെയ്തത് ഒരു മണിക്കൂർ. തലേ നാളത്തെ വെള്ളക്കെട്ട് പൂർണമായും മാറാത്ത പ്രധാനവേദിയിലേക്ക് മഴവെള്ളം ചീറി പാഞ്ഞ് എത്തി. അതുവരെ സംഘനൃത്തം ആസ്വദിച്ചിരുന്നവർ കസേരകൾ കാലിയാക്കി സ്ഥലം വിട്ടു. മത്സരത്തിന് ഊഴം കാത്തിരുന്ന വിദ്യാർത്ഥികളിൽ പലരും നനഞ്ഞു കുതിർന്നു. വിധികർത്താക്കൾ ഇരുന്നിടത്തും വെള്ളക്കെട്ടുണ്ടായി. എണീറ്റു പോകാൻ കഴിയാതെ കാലുകൾ ഉയർത്തിപ്പിടിച്ച് ഇരിക്കേണ്ട ഗതികേടിലായിരുന്നു അവർ. ബുധനാഴ്ച മഴ എത്തിയത് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണെങ്കിൽ ഇന്നലെ പെയ്തിറങ്ങിയത് രണ്ടരയ്ക്കായിരുന്നു. ഒന്നാം വേദിയിലേക്കുള്ള കവാടത്തിന് മുൻവശം നിമിഷ നേരം കൊണ്ട് കുളമായി മാറി. നടക്കാൻപോലും കഴിയാത്ത അവസ്ഥ. മേയ്ക്കപ്പിട്ടങ്കിലും മത്സരവേദിയിലേക്ക് പോകാനാകാതെ വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്കുള്ളിൽ കുടുങ്ങി. പല വേദികളും ടാർപ്പായയിലാണ് സജ്ജമാക്കിയിരുന്നത്. ടാർപ്പായയിലൂടെ വെള്ളം അകത്തേക്ക് വീണതും മത്സരത്തെ ബാധിച്ചു.