തിരുവനന്തപുരം : കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി ലാഭമുണ്ടാക്കുന്ന വ്യവസായ സംരംഭകർ ഒരു ശതമാനം തുക കർഷകർക്ക് അവകാശ ലാഭം നൽകണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച കാർഷിക വിദഗ്ദ്ധനാണ്‌ ആർ. ഹേലിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. പ്രഥമ ഫാം ജേർണലിസ്റ്റ് ഫോറം പുരസ്‌കാരം ആർ. ഹേലിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 130 കോടി ജനങ്ങളെ തീറ്റിപ്പോറ്റുന്ന കർഷകർക്ക് യാതൊരു പരിഗണനയും നൽകാത്ത വിധത്തിലേക്ക് നമ്മുടെ സമൂഹം മാറുകയാണ്. കാർഷികവൃത്തി മാന്യമായ തൊഴിലാണെന്ന് സന്ദേശം നൽകിയാണ് സംസ്ഥാന സർക്കാർ രാജ്യത്താദ്യമായി കർഷക ക്ഷേമനിധി ബോർഡ് ബില്ല് പാസാക്കിയത്. ആർ. ഹേലിയുടെ അടക്കം നിർദ്ദേശങ്ങളാണ് ബില്ലിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഫാം ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് ഡോ. സി.എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാർഷിക മാദ്ധ്യമ ദിന പ്രഖ്യാപനവും കാർഷിക വിജ്ഞാൻ പ്രബന്ധത്തിന്റെ പ്രകാശനവും മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ഫോറം വൈസ് പ്രസിഡന്റ് സബിത നാരായണൻ, ഡോ. എൻ.ജി. ബാലചന്ദ്രനാഥ്, പി. പങ്കജാക്ഷൻ നായർ എന്നിവർ പങ്കെടുത്തു.