plastic-

തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണം, വില്പന, സൂക്ഷിക്കൽ എന്നിവ കേരളത്തിൽ നിരോധിക്കും. പ്ലാസ്റ്റിക് കവറുകൾ, 300 മില്ലിലിറ്ററിന് താഴെയുള്ള കുപ്പികൾ, പാത്രങ്ങൾ, മറ്റുത്പന്നങ്ങൾ എന്നിവയാണ് നിരോധിക്കുക. മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. എന്നാൽ നിരോധനം മിൽമ, ബിവറേജസ് കോർപറേഷൻ, കേരഫെഡ്, ജല അതോറിട്ടി എന്നിവയ്ക്ക് ബാധകമല്ല. കവറുകളും കുപ്പികളും ഇവർ തിരികെയെടുക്കുന്ന സംവിധാനം കൊണ്ടുവരുമെന്നാണ് ഇതിന് അടിസ്ഥാനമായി പറയുന്നതെങ്കിലും നിരോധനം പൂർണമായും പ്രാവർത്തികമാകാൻ ഇത് തടസമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമം ലംഘിക്കുന്നവർക്ക് ആദ്യം 10000, രണ്ടാമത് 25000, മൂന്നാമത് 50000 എന്നിങ്ങനെ ഭാരിച്ച പിഴയും നിശ്ചയിച്ചു. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിരോധന തീരുമാനം

 നിയമം ലംഘിച്ചാൽ:

-ആദ്യം 10,000 രൂപ

- രണ്ടാമത് 25,000 രൂപ

-മൂന്നാമത് 50,000 രൂപ

-നാലാമത് സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കൽ

നിരോധിക്കാൻ കാരണം

പ്രളയത്തിന് ശേഷമുണ്ടായ വിവിധ അവലോകനങ്ങളിൽ കേരളത്തിന്റെ പരിസ്ഥിതിനാശത്തിന് പ്രധാനകാരണം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ഉപയോഗശേഷം കളയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക-ആരോഗ്യപ്രശ്നമായി വളർന്ന സാഹചര്യത്തിലാണ് നിരോധനം

 നിരോധിക്കുന്നവ

പ്ലാസ്റ്റിക് കാരിബാഗ്, ടേബിളിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, കൂളിംഗ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, സ്റ്റെറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ; സ്പൂണുകൾ; ഫോർക്കുകൾ, സ്‌ട്രോ, ഡിഷ്, ; പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ; ബൗൾ; നോൺ വൂവൺ ബാഗുകൾ; പ്ലാസ്റ്റിക് ഫ്ളാഗുകൾ; പ്ലാസ്റ്റിക് ബണ്ടിംഗ്; പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്; പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ; പെറ്റ് ബോട്ടിലുകൾ ; പ്ലാസ്റ്റിക് ഗാർബേജ് ബാഗ്; പി.വി.സി ഫ്ളക്സ് മെറ്റീരിയൽ; പ്ലാസ്റ്റിക് പാക്കറ്റ്.

 നിരോധനമില്ലാത്തവ:

കയറ്റുമതിക്കായി നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യപരിപാലന രംഗത്തുപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിന്നുണ്ടാക്കിയ വസ്തുക്കൾ

നടപടിയെടുക്കേണ്ടത്:

കളക്ടർ, സബ്ഡിവിഷണൽ മജിസ്ട്രേട്ട്, പൊല്യൂഷൻ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥൻ, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി സംരക്ഷണനിയമപ്രകാരം കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥൻ.