മലയിൻകീഴ്: ഇടിമിന്നലിൽ വീടിന് തീപിടിച്ച് ഓട് മേഞ്ഞ മേൽക്കൂരയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. കുരിശുമുട്ടം ചാത്രക്കടവ് കോൺവെന്റ് റോഡിലെ ഭാസ്‌കര ജ്യോതിർഭവനിൽ ഭാരതിയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. ഇടിമിന്നലുണ്ടായ സമയത്ത് ഭാരതിഅമ്മ (78) മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ വിളിച്ചുണർത്തി പുറത്തെത്തിച്ചു. ടി.വി, ഫ്രിഡ്‌ജ്, കസേരകൾ, കട്ടിൽ എന്നിവ കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളാണ് തീ കെടുത്തിയത്. സ്റ്റേഷൻ ഓഫീസർ എ.എൽ. ബൈജു, ലീഡിംഗ് ഫയർമാന്മാരായ പത്മകുമാർ, പ്രശോഭ്, അഖിലൻ, രമേഷ് കുമാർ, രാജേഷ് കുമാർ, ഡ്രൈവർമാരായ സജീവ്, രാജു എന്നിവരുൾപ്പെട്ട സംഘമാണ് നേതൃത്വം നൽകിയത്. 1.15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. മലയിൻകീഴ് എസ്.ഐ സൈജു, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനിൽകുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.