
തിരുവനന്തപുരം: വാളയാറിലെ ദളിത് പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ സി .ബി. ഐ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് നീതി നടപ്പാക്കാൻ ജുഡീഷ്യൽ അന്വേഷണം മതിയാവില്ല. പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്റിയെ കണ്ടപ്പോഴും സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. സി.പി .എമ്മുകാരാണ് സംഭവത്തിന് പിന്നിലെന്ന് ബോധ്യമായത് കൊണ്ടണോ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി അലംഭാവം കാട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
ഇതാണോ സർക്കാരിന്റെ പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തൽ. ക്ലാസ് മുറികൾ ഹൈടെക്ക് ആക്കിയെന്ന് പറഞ്ഞ് മേനി നടിക്കുന്നതിനിടിയിൽ ക്ലാസ് മുറികൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താൻ കൂടി സർക്കാർ ശ്രദ്ധിക്കണമെന്നും ചെന്നിത്തല പറഞ്ഞു