മലയിൻകീഴ്: അക്ഷയ കേന്ദ്രങ്ങൾ വഴി വിവിധ ക്ഷേമ പെൻഷനുകൾക്കുള്ള മസ്റ്ററിംഗ് നടത്താനെത്തിയവർ കാര്യം നടക്കാതെ വലഞ്ഞു. രാവിലെ മുതൽ രാത്രി വരെ കാത്തിരുന്നിട്ടും സെർവർ തകരാറിലായതിനാൽ മസ്റ്ററിംഗ് ചെയ്യാനാകുന്നില്ലെന്നാണ് അക്ഷയ കേന്ദ്രങ്ങൾ നൽകുന്ന വിവരം. വാടകയ്ക്കെടുത്ത സെർവറുകൾ തകരാറിലാണെന്ന വിവരം അധികൃതരെ അറിയിച്ചെങ്കിലും പ്രയോജനമില്ല. അക്ഷയ കേന്ദ്രങ്ങളിലെ മറ്റ് സേവനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. കപ്പാസിറ്റിയില്ലാത്ത സർവറാണ് മസ്റ്ററിംഗിനെത്തിയ ഗുണഭോക്താക്കളെയും അക്ഷയ കേന്ദ്രങ്ങളെയും വലയ്ക്കുന്നത്. അക്ഷയയിൽ സജ്ജീകരണങ്ങളൊരുക്കിയെങ്കിലും ടെക്നിക്കൽ സപ്പോർട്ട് നൽകേണ്ട എൻ.ഐ.സി.സെർവർ കപ്പാസിറ്റി പോലും പരിശോധിച്ചില്ലെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്. ലൈഫ് സർട്ടീഫിക്കറ്റ് നേടാനായി അക്ഷയ കേന്ദ്രങ്ങളിലെത്തുന്നവർ നിരാശരായാണ് മടങ്ങുന്നത്. വരുന്ന 30 നാണ് മസ്റ്ററിംഗ് നടത്തേണ്ട അവസാന ദിവസം. സെർവർ സ്ഥാപിച്ചപ്പോൾ ട്രയൽ റൺ നടത്തിയ ശേഷം ഈ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.