തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിലെ തിരുനാൾ ആഘോഷം ഞായറാഴ്ച സമാപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച കൊടിയേറിയത് മുതൽ പള്ളിയിലേക്ക് ജാതിമത ഭേദമില്ലാതെ തീർത്ഥാടകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്തുരാജപാദത്തിലേക്ക് നേർച്ചക്കാഴ്ചകളർപ്പിക്കുന്നവരുടെ തിരക്കും ഇക്കുറി കൂടുതലാണ്. തിരുനാൾ ദിനങ്ങളിൽ വിവിധ നിയോഗങ്ങൾക്കായി അർപ്പിക്കുന്ന ദിവ്യബലിയിലും കർമ്മങ്ങളിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു. നേർച്ച എണ്ണയും നൂലും വാങ്ങാനും വൻതിരക്കാണ്. ഇന്നും നാളെയും സമാപനദിവസമായ ഞായറാഴ്ചയും അഭൂതപൂർവമായ തിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് പള്ളി അധികൃതർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിന് പൊലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു. ശംഖുംമുഖം - വേളി റോഡിന്റെ കിഴക്ക് ഭാഗത്തും പാർക്കിംഗ് അനുവദിക്കും. സമാപനദിവസമായ ഞായറാഴ്ച വൈകിട്ട് 5ന് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ സമൂഹബലിയിൽ നിരവധി വൈദികരും കന്യാസ്ത്രീകളും ഭക്തരും പങ്കെടുക്കും. ഇന്ന് രാവിലെ ആറു മുതൽ തുടർച്ചയായി ദിവ്യബലി ഉണ്ടായിരിക്കും. 9ന് തമിഴിൽ ദിവ്യബലി, 11ന് മൂകർക്കും ബധിരർക്കുമായി ആംഗ്യഭാഷയിൽ ദിവ്യബലി, വൈകിട്ട് 3ന് ദിവ്യബലി, 4ന് ജപമാല, ലിറ്റിനി, 5ന് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി യൂജിൻ എച്ച്. പെരേരയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലിയും 7.30ന് പാദപൂജയും 8.15ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.നാളെ വൈകിട്ട് ക്രിസ്തുരാജ സ്വരൂപം അലങ്കരിച്ച തേരിൽ എഴുന്നള്ളിച്ച് പ്രദക്ഷിണം നടത്തും.