തിരുവനന്തപുരം: രാജ്യക്ഷേമത്തിനും ശ്രീപദ്മനാഭ സ്വാമി പ്രീതിക്കുമായി തിരുവിതാംകൂർ രാജാക്കന്മാർ നൂറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച മുറജപത്തിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മംഗളകരമായ തുടക്കം. ഇന്നലെ പുലർച്ചെയാണ് മുറജപത്തിന് തുടക്കമായത്. വേദവും സൂക്തവും വിഷ്ണുസഹസ്രനാമവും വൈദികർ ഉരുക്കഴിച്ചപ്പോൾ ഭക്തർ ശ്രീപദ്മനാഭനെ സ്തുതിച്ചു. 56 ദിവസം നീണ്ടുനിൽക്കുന്ന വേദ മന്ത്രോച്ചാരണത്തിനാണ് ഇന്നലെ ക്ഷേത്രത്തിൽ തുടക്കമായത്. ജനുവരി 15ന് നടക്കുന്ന ലക്ഷദീപത്തോടെയാണ് മുറജപം സമാപിക്കുക. ആറു വർഷത്തിലൊരിക്കലാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം നടക്കുന്നത്. 2014ലായിരുന്നു കഴിഞ്ഞ മുറജപം.
ഇന്നലെ രാവിലെ 5ന് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തിരുവാമ്പാടിയും തെക്കേടവും ശ്രീകോവിലും മറ്റ് മണ്ഡപങ്ങളും പുഷ്പങ്ങളാൽ അലങ്കരിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച മണ്ഡപങ്ങളിൽ 6.15ന് വൈദികരുടെ നേതൃത്വത്തിൽ മുറജപം ആരംഭിച്ചു. കുലശേഖര മണ്ഡപത്തിൽ സഹസ്രനാമ ജപം നടന്നു. ശബരിമല തീർത്ഥാടകരും അന്യസംസ്ഥാനക്കാരായ ഭക്തരും ഉൾപ്പെടെ നിരവധി പേർ മുറജപം കാണാനും വേദോച്ചാരണം കേൾക്കാനും മതിലകത്തെത്തിയിരുന്നു. രാവിലെ 10ന് ജപം അവസാനിച്ചപ്പോൾ വൈദികർക്ക് ക്ഷേത്രം അധികൃതർ ദക്ഷിണ നൽകി. വൈകിട്ട് 6ന് പദ്മതീർത്ഥക്കുളത്തിന്റെ തെക്കും കിഴക്കും കൽപ്പടവുകളിൽ മുറജപത്തിലെ പ്രധാന ചടങ്ങായ ജലജപം നടന്നു. മുറജപത്തിൽ പങ്കെടുക്കുന്ന വൈദികരെല്ലാം ജലജപത്തിലും അണിനിരന്നു. ഇന്നലെ തുടങ്ങി എട്ടുദിവസം കൂടുന്ന ആദ്യമുറ 28ന് അവസാനിക്കും. 28ന് രാത്രി 8.30ന് അനന്തവാഹനത്തിൽ മുറശീവേലി നടക്കും. 29ന് രണ്ടാം മുറജപം ആരംഭിക്കും. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, മാനേജർ ബി. വിജയകുമാർ, ഭരണസമിതി അംഗം എസ്. വിജയകുമാർ എന്നിവർ ആദ്യദിവസത്തെ ചടങ്ങുകളിൽ പങ്കെടുത്തു. പതിറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന ജലജപം കാണാനെത്തിയ ഭക്തരെക്കൊണ്ട് പദ്മതീർത്ഥക്കര നിറഞ്ഞു.