വെഞ്ഞാറമൂട് : ലോട്ടറി മൊത്തവ്യാപാര കടയിൽ നിന്നു ലോട്ടറി നൽകാത്തതിനെ തുടർന്ന് ചെറുകിട കച്ചവടക്കാരൻ കടയ്ക്കുള്ളിലും പൊലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് കിഴക്കേ റോഡിലെ മൊത്ത വ്യാപാര കടയിലാണ് കിടന്ന് പ്രതിഷേധം അരങ്ങേറിയത്.
ലോട്ടറി ചെറുകിട കച്ചവടക്കാരനായ പനവൂർ മൂഴി സ്വദേശി മണികണ്ഠനാണ് ഈ രീതിയിൽ പ്രതിഷേധിച്ചത്. സ്ഥിരമായി ചെറുകിട കച്ചവടത്തിനായി വെഞ്ഞാറമൂട്ടിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നാണ് ലോട്ടറി എടുക്കുന്നത്. ഇന്നലെ വന്നപ്പോൾ ലോട്ടറി കിട്ടിയില്ല. ഇതോടെ വാക്കുതർക്കമായി. തുടർന്ന് ഇയാൾ കടയ്ക്കകത്തു കയറി കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചെങ്കിലും അവിടെയും ഇയാൾ കിടന്നു പ്രതിഷേധിച്ചു. പൊലീസുകാർക്ക് തലവേദന ആയതോടെ മൊത്ത വ്യാപാര കേന്ദ്രം നടത്തിപ്പുകാരനെ വിളിച്ചുവരുത്തി ചർച്ച നടത്തിയ ശേഷം ലോട്ടറി നൽകി ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.