തിരുവനന്തപുരം: അഞ്ചു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ പള്ളിത്തുറ സെന്റ് മേരീസ് മഗ്ദലൻസ് പള്ളിയും സെമിത്തേരിയും നിലനിൽക്കുന്ന 4.37 ഏക്കർ ഭൂമിയും പള്ളിത്തുറ ഹയർസെക്കൻഡറി സ്‌കൂൾ സ്ഥിതി ചെയ്യുന്ന 3.39 ഏക്കർ ഭൂമിയും ബന്ധപ്പെട്ടവർക്ക് പതിച്ചുനൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. 1960ൽ തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമദ്ധ്യരേഖയോട് സാമീപ്യമുള്ള പ്രദേശം വിട്ടുനൽകണമെന്ന ഡോ. വിക്രം സാരാഭായിയുടെ അഭ്യർത്ഥന മാനിച്ച് തുമ്പയിൽ താമസിച്ചിരുന്ന 183 കുടുംബങ്ങളുടെ വീടും സ്ഥലവും സെന്റ് മേരീസ് മഗ്ദലന പള്ളിയുടെ 61 ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടർ ഭൂമിയും ഉൾപ്പെടെ 89.32 ആർ ഭൂമിയാണ് സർക്കാരിന് വിട്ടുകൊടുത്തത്. കുടിയൊഴിപ്പിക്കപ്പെട്ടവരെ പള്ളിത്തുറയിൽ പുനരധിവസിപ്പിക്കുകയും ചെയ്‌തു. അന്ന് ഭൂമി വിട്ടുനൽകിയവർക്ക് പകരം സർക്കാർ ഭൂമി നൽകിയെങ്കിലും പട്ടയം നൽകിയിരുന്നില്ല. നീണ്ടകാലത്തെ നിയമ നടപടികൾക്കൊടുവിൽ 2000ൽ അന്ന് എം.എൽ.എ ആയിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായി 142 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. എന്നാൽ ബാക്കിയുള്ള 41 പേർക്കും പള്ളിക്കും സ്‌കൂളിനും പട്ടയം ലഭിച്ചിരുന്നില്ല. മന്ത്രിയായ ശേഷം കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഇടപെടലിൽ കഴിഞ്ഞ ഡിസംബറിൽ 41 കുടുംബങ്ങൾക്ക് കൂടി പട്ടയം ലഭിച്ചു. എന്നാൽ അപ്പോഴും പുനരധിവാസ ഭൂമിയിൽ സ്ഥാപിക്കപ്പെട്ട സെന്റ് മേരി മഗ്ദലൻസ് പള്ളിക്കും ഹയർസെക്കൻഡറി സ്‌കൂളിനും സ്ഥലം പതിച്ചുനൽകിയില്ല. പള്ളി, സ്‌കൂൾ എന്നിവ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ലെന്ന ചട്ടങ്ങളാണ് ഇതിന് കാരണമായത്. എന്നാൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടർന്ന് വീണ്ടും മന്ത്രിസഭായോഗം പരിശോധിച്ചാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വി.എസ്.എസ്.സിക്ക് ഭൂമി വിട്ടുനൽകിയവർക്ക് നീതി ലഭിക്കാൻ

നടത്തിയ ഇടപെടൽ വിജയം കണ്ടതിൽ സന്തോഷം

- മന്ത്രി കടകംപള്ളി സുരേന്ദ്രൻ