hr

തിരുവനന്തപുരം: ശാസ്തമംഗലം പൈപ്പിൻമൂട് അസറ്റ് ഹോം ലീനിയേജിൽ നിന്ന് ഇത്തവണയും രണ്ടുപേർ പാട്ടുപാടി താളമിട്ട് സംസ്ഥാന കലോത്സവ വേദിയിലേക്ക് വണ്ടി കയറും. കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഹൃദയ ആർ. കൃഷ്ണയും സഹോദരൻ മുക്കോലയ്ക്കൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി ഹൃദയേഷ് ആർ. കൃഷ്ണയും. ഹയർ സെക്കൻഡറി വിഭാഗം വീണവായനയിൽ ഒന്നാം സ്ഥാനം നേടിയാണ് ഹൃദയ കാഞ്ഞങ്ങാടേക്ക് ടിക്കറ്റുറപ്പിച്ചതെങ്കിൽ ഹൃദയേഷ് ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമനായാണ് പോകുന്നത്.

എട്ടാം ക്ലാസ് മുതൽ സംസ്ഥാന കലോത്സവത്തിൽ വീണ വായനയ്ക്ക് ഒന്നാംസ്ഥാനം നേടുന്ന ഹൃദയ ഇത്തവണ തോടി രാഗം മീട്ടിയാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ മൂന്നുതവണയായി ശാസ്ത്രീയ സംഗീതത്തിലെ ഒന്നാം സ്ഥാനം ഹൃദയേഷ് ചേർത്തുപിടിച്ചിട്ടുണ്ട്. ഈ വർഷം തൃപ്പൂണിത്തുറയിൽ വച്ച് നടന്ന സംഗീതോത്സവത്തിൽ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ കൈയിൽ നിന്നു തംബുരു അവാർഡ് സ്വീകരിച്ചതിന്റെ ത്രില്ലിലാണ് ഹൃദയേഷ്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ രാമകൃഷ്ണന്റെയും മംഗളയുടെയും മക്കളാണ് ഇരുവരും.