വർക്കല:പെടയ്ക്കണ കായൽ മീനുകൾ വലനിറച്ചിരുന്ന കാലം കഴിഞ്ഞു.ഇന്ന് വയിൽ നിറയുന്നത് പ്ളാസ്റ്റിക് കവറുകളും കുപ്പിയും മാത്രമാണെന്നാണ് കായലിൽ വലവിരിക്കുന്ന തൊഴിലാളി പറഞ്ഞത്.വർഷങ്ങളായി ലഭിച്ചിരുന്ന മീനുകളൊന്നും ഇന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പറയുന്നത് വരാൻ പോകുന്ന വിപത്തിന്റെ ദു:സൂചനയാണ്.

കായലുകളിൽ മത്സ്യ സമ്പത്ത് കുറഞ്ഞെന്ന പഠനങ്ങൾ ഞെട്ടലല്ല മറിച്ച് അറിഞ്ഞ യാഥാർത്ഥ്യം ഉറപ്പിക്കുകയായിരുന്നു.കാരണം കായലിൽ മത്സ്യബന്ധനത്തിനായി ദിനവും പോകുന്ന തൊഴിലാളികൾ ഈയാഥാർത്ഥ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. മുൻപ് വലകളിൽ നിറഞ്ഞിരുന്ന മത്സ്യങ്ങളെന്നും ഇന്ന് വലയിലെത്തുന്നില്ല.കരിമീനിന്റെ അളവും നന്നേ കുറവാണെന്ന് തൊഴിലാളികൾ പറയുന്നു.ഈ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.കായലിലെ മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നെന്ന് അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രവും, കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗവും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 2010 കരിമീൻ വർഷമായി ആചരിച്ച സർക്കാർ കരിമീൻ കൃഷി പ്രോത്സാഹിപ്പിക്കാൻ രണ്ടരക്കോടിയുടെ പദ്ധതിക്ക് ലക്ഷ്യമിട്ടിരുന്നു. സർക്കാരിന്റെ മത്സ്യകേരളം പദ്ധതിയിലും കരിമീൻ സംരക്ഷണം ഉറപ്പാക്കിയിരുന്നു. എന്നാൽ ഇത്തരം പദ്ധതികളുടെ ഗുണഫലം പ്രാദേശികതലത്തിൽ ലഭിച്ചില്ല. സോഷ്യൽ റാഞ്ചിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് (ഫിർമ) കഴിഞ്ഞ വർഷം താലൂക്കിലെ വിവിധ കായലോരങ്ങൾ കേന്ദ്രീകരിച്ച് അൻപതിനായിരം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.

ഫിർമ നിക്ഷേപിക്കുന്ന ചെമ്മീൻ കുഞ്ഞുങ്ങൾക്ക് അതിജീവനശേഷി കുറഞ്ഞതാണെന്നാണ് വിലയിരുത്തൽ. വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വീക്ഷിച്ച് പരിപോഷിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ഫിർമ്മ അധികൃതരും പിന്നീട് തിരിഞ്ഞു നോക്കിയില്ല. ഇനി വരാൻ പോകുന്നത് മീനില്ലാക്കായലുകളാണെന്നാണ് മത്സ്യത്തൊഴിലാളികൾ സങ്കടത്തോടെ പറയുന്നു.